എതിരാളിയെ കുടുക്കാനുള്ള ക്വട്ടേഷന്‍റെ ഭാഗമായി പ്രായപൂർത്തിയാകാത്ത കുട്ടി വഴി ലഹരി മരുന്ന് കൈമാറിയ കേസിൽ കായംകുളത്തെ കുപ്രസിദ്ധ ഗുണ്ട കണ്ടല്ലൂർ സ്വദേശി താറാവ് ശ്യാം പിടിയിൽ. പാലക്കാട് നിന്നാണ് ഇയാൾ അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ലഹരി മരുന്നുമായി പിടി കൂടിയ കേസിൽ നടത്തിയ അന്വേഷണത്തിലാണ് യഥാർഥ്യം പുറത്തു വന്നത്. തിരുവനന്തപുരം സ്വദേശിയെ ലഹരി കേസിൽ കുടുക്കുന്നതിനാണ് മുപ്പത് ലക്ഷം രൂപയുടെ ക്വട്ടേഷൻ ഗുണ്ടാസംഘം ഏറ്റെടുത്തത്.
കഴിഞ്ഞ വർഷം ഡിസംബർ 30 ന് 230 മില്ലിഗ്രാം ലഹരി മരുന്നുമായി പ്രായപൂർത്തിയാകാത്ത കുട്ടിയെ പിടികൂടുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. തിരുവനന്തപുരം സ്വദേശി സംഗീതിനെ ലഹരി മരുന്നു കേസിൽ കുടുക്കുന്നതിനാണ് പിടിയിലായ ഗുണ്ട താറാവ് ശ്യാമിന്‍റെ സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ രാഘിൽ 30 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ എടുക്കുന്നത്. ഐഫോൺ വാങ്ങി നൽകാമെന്ന് പറഞ്ഞ് ലഹരി കൈമാറ്റത്തിന് കുട്ടിയെ കണ്ടെത്തിയത് ശ്യാം ആയിരുന്നു. തുടർന്ന് കുട്ടിയുമായി സംഗീത് താമസിച്ചു വന്ന തിരുവനന്തപുരത്തെ വീടിന് സമീപവും ചവറയിലെ ബന്ധുവീടിന് സമീപവും എത്തി.
സംഗീതും കുട്ടിയും തമ്മിൽ ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ കുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന് സംഗീതിനെ വിളിച്ചു. കുട്ടിയുടെ കൈവശം ലഹരിമരുന്ന് നൽകിയ ശേഷം ഇവർ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോൾ ലഹരിമരുന്ന് നൽകിയത് സംഗീതാണെന്ന് കുട്ടി പറഞ്ഞു. ഇതേ തുടർന്ന് സംഗീതിനെ പൊലീസ് പിടികൂടി. വിശദമായ ചോദ്യം ചെയ്യലിൽ കുട്ടിയുടെ മൊഴികളിൽ വൈരുദ്ധ്യം കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്വട്ടേഷന്‍റെ ചുരുളഴിഞ്ഞത്.
രണ്ടാം പ്രതിയായ രാഘിലിനെ പോലീസ് പിടികൂടിയതറിഞ്ഞ് ശ്യാം ഒളിവിൽ പോയി. ഒളിവിൽ കഴിയുന്ന സമയത്ത് തന്നെ ഇയാളുടെ സംഘത്തിലെ ആളുകളുടെ ജൻമദിനാഘോഷവും ലഹരി പാർട്ടികളും നടത്തി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമായിരുന്നു. ഒളിവിലിരിക്കെ കഞ്ചാവ് തോട്ടത്തിൽ വച്ചുള്ള വീഡിയോയും ഇയാൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴയിലെ വിവിധ സ്റ്റേഷനുകളിൽ മാത്രം പത്തോളം കേസുകളിൽ പ്രതിയായ ഇയാളെ 2023 കാപ്പാ ചുമത്തി നാടുകടത്തിയിരുന്നു.