അടൂരിൽ കിടപ്പിലായ വയോധികയെ പരിചരിക്കാനെത്തിയ ഹോം നഴ്സിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയിലായി. എറണാകുളത്തുനിന്നാണ് പ്രതിയായ റെന്നി റോയിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്നര ആഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കിടപ്പിലായ അമ്മയെ പരിചരിക്കാൻ എത്തിയ 58 വയസ്സുള്ള ഹോം നഴ്സാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. വയോധികയുടെ മകനാണ് കേസിലെ പ്രതിയായ റെന്നി റോയ്.
കഴിഞ്ഞ ദിവസം രാത്രിയിൽ എറണാകുളത്തുനിന്നെത്തിയ റെന്നി റോയിയും സുഹൃത്തുക്കളും വീട്ടിലെത്തുകയും മദ്യപിക്കുകയും ചെയ്തു. ഇതിനുശേഷം ഹോം നഴ്സായ 58-കാരിയെ ഇയാൾ കടന്നുപിടിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും മുറിയിലേക്ക് കൊണ്ടുപോയി ബലമായി ഉപദ്രവിക്കുകയുമായിരുന്നു.
സംഭവത്തിനുശേഷം പുലർച്ചെ പ്രതി വീട്ടിൽനിന്ന് പോയി. വീട്ടിൽ വയോധികയെ നോക്കാൻ മറ്റാരുമില്ലാത്തതിനാൽ രണ്ടുദിവസം കൂടി പരാതിക്കാരി അവിടെ ജോലി തുടർന്നു. പിന്നീട് സ്വന്തം വീട്ടിലേക്ക് മടങ്ങിയ ശേഷമാണ് ഇവർ പോലീസിൽ പരാതി നൽകിയത്. നവംബർ 27-ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും ഒളിവിലായിരുന്ന റെന്നി റോയിയെ എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. നിലവിൽ പ്രതിയെ അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.