പൊലീസ് കസ്റ്റഡിയിലായിട്ടും മാധ്യമങ്ങളുടെ ക്യാമറകള്‍ മുന്നിലുണ്ടായിട്ടും കൂസലില്ലാതെ വ്യജ സിദ്ധന്‍ സജിന്‍ ചെറുപാണക്കാട്. പൊലീസ് സ്റ്റേഷനിൽ നിന്ന് കയ്യാമം ഉയർത്തി കാട്ടി ക്യാമറയ്ക്ക് മുന്നിൽ എത്തി സജിന്‍ പറഞ്ഞു, 'ഒരു കുഴപ്പവും ഇല്ല, ഇത് കള്ളക്കേസാണ്, ഞാൻ രക്ഷപ്പെട്ട് പുറത്തുവരും'.
ദിവ്യഗർഭം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിലാണ് വ്യാജസിദ്ധൻ സജിൽ ചെറുപാണക്കാട് പിടിയിലായത്. നെടുമങ്ങാട് ഒളിവിൽ കഴിയവേയാണ് പൊലീസ് ഇയാളെ പിടികൂടിയത്. 'മിറാക്കിൾ പാത്ത്' എന്ന യൂട്യൂബ് ചാനലിലൂടെ മഹ്ദി ഇമാമാണെന്ന് അവകാശപ്പെട്ടായിരുന്നു ഇയാളുടെ തട്ടിപ്പ്. കൊളത്തൂരിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുമായി യൂട്യൂബ് ചാനൽ വഴിയാണ് ആദ്യ ബന്ധം സ്ഥാപിക്കുന്നത്. തുടർന്ന് ഇവരുടെ ബന്ധുവായ യുവതിയെ ദിവ്യഗർഭം ധരിക്കാൻ സഹായിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചു.
യുവതി താമസിക്കുന്ന വാടക കോട്ടേഴ്സിൽ എത്തി മുറിയിൽ അതിക്രമിച്ചു കയറി പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. കേസ് ആയതോടെ ഒളിവിൽ പോയ പ്രതിയെ തിരുവനന്തപുരം നെടുമങ്ങാട് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താൻ മഹതി ഇമാം ആണെന്നും ആഭിചാരക്രിയകൾ ചെയ്യുന്ന ആളാണെന്നുമാണ് വ്യാജ സിദ്ധൻ എല്ലാവരെയും പരിചയപ്പെടുത്തി ഇരുന്നത്.