Image Credit: x.com/HateDetectors/
ബെംഗളൂരുവിലെ മദനായകനഹള്ളിയില്‍ ബിബിഎം വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. മരിച്ച 21 കാരി ദേവിശ്രീയുടെ സുഹൃത്ത് പ്രേം വര്‍ധനാണ് അറസ്റ്റിലായത്. ഇരുവരും ആന്ധ്രപ്രദേശിലെ അന്നമയ്യ ജില്ലയില്‍ നിന്നുള്ളവരാണ്.
ദേവിശ്രീയുടെ സുഹൃത്തിന്‍റെ വീട്ടിലാണ് കൊലപാതകം നടന്നത്. ദേവിശ്രീ മറ്റൊരു പുരുഷനുമായി സൗഹൃദത്തിലായതാണ് കൊലയ്ക്ക് കാരണം. ഇയാളുമായി ചാറ്റിങ് നടത്തുന്നത് പ്രേം എതിര്‍ത്തിരുന്നു. സംഭവ ദിവസം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പ്രകോപിതനായ പ്രതി ദേവിശ്രീയെ ആക്രമിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം പ്രേം മെജസ്റ്റിക് ബസ് സ്റ്റാന്‍ഡിലെത്തി തിരുപ്പതിയിലേക്ക് രക്ഷപ്പെട്ടു. സുഹൃത്തുക്കളും അയല്‍വാസികളും നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ പ്രേം വര്‍ധനാണ് പ്രതിയെന്ന് പൊലീസ് തുടക്കത്തില്‍ സംശയിച്ചിരുന്നു. ഫോണ്‍ ഓഫാക്കി മുങ്ങിയ പ്രതിയുടെ സിഗ്നല്‍ ഇടയ്ക്കിടെ ലഭിച്ചത് പൊലീസിന് അന്വേഷണത്തില്‍ സഹായകരമായി.
സിസിടിവി അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തില്‍ തിരുപ്പതിയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തലമുണ്ഡനം ചെയ്ത് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച പ്രതി ആള്‍മാറാട്ടം നടത്താനും ശ്രമിച്ചു. ദേവിശ്രീയെ ബന്ധപ്പെടാന്‍ സാധിക്കാത്തതിനാല്‍ കുട്ടുകാരികള്‍ ചെന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.