എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ജാർഖണ്ഡില്‍ മദ്യപിച്ചുണ്ടായ വഴക്കിനിടെ ഭർത്താവ് എടുത്ത് നിലത്തടിച്ച ഭാര്യ മരിച്ചു. പലാമു ജില്ലയിൽ ദാതം ബാദി ഝരിയയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 22 കാരിയായ ശിൽപി ദേവിയാണ് കൊല്ലപ്പെട്ടത്. കേസില്‍ ഭർത്താവ് ഉപേന്ദ്ര പർഹിയ (25)യെ ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തു. സംഭവം നടക്കുമ്പോള്‍ ഇരുവരും മദ്യപിച്ചിരുന്നതായാണ് വിവരം.
ഭര്‍ത്താവ് ഉപേന്ദ്ര വീട്ടില്‍ മദ്യപിച്ചിരിക്കെയാണ് ഭാര്യ ശില്‍പിയും മദ്യപിച്ച് വീട്ടിലേക്കെത്തുന്നത്. തുടര്‍ന്ന് ശില്‍പി മദ്യപിച്ചതിനെ ഉപേന്ദ്ര ചോദ്യം ചെയ്യുകയും വാക്കേറ്റമുണ്ടാകുകയുമായിരുന്നു. തർക്കം രൂക്ഷമായപ്പോൾ, ഉപേന്ദ്ര ശിൽപിയെ അടിക്കാൻ തുടങ്ങി, പെട്ടെന്ന് ശില്‍പിയെ ഇരുകയ്യിലുമായി ഉയർത്തിയ ഉപേന്ദ്ര ശക്തമായി നിലത്തടിക്കുകയായിരുന്നു.
ശിൽപി ദേവിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മൂന്ന് വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് ഒരു കുട്ടിയുമുണ്ട്.