എറണാകുളം കോതമംഗലത്ത് മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ ബന്ധു പിടിയിൽ. മരിച്ച രാജന്റെ സഹോദരി ഭർത്താവാണ് പിടിയിലായത്. മദ്യപിച്ചതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്
ഇന്ന് രാവിലെയാണ് ചാത്തമറ്റം ഇരട്ടക്കാലി സ്വദേശി രാജനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കകത്ത് കട്ടിലിനുതാഴെ കമിഴ്ന്ന് രക്തത്തിൽ കുളിച്ചായിരുന്നു മൃതദേഹം. രാജൻ്റെ മരണം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞ പോത്താനിക്കാട് പൊലീസ് ഉടൻതന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു. രാജന്റെ സഹോദരി ഭർത്താവ് സുകുമാരനാണ് പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിച്ചു. അയൽക്കാരായ ഇരുവരും ഇന്നലെ ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനിടെ തർക്കവും, ഉന്തുംതള്ളുമുണ്ടായി. വൈകിട്ട് എട്ടുമണിയോടെ ഇരുവരും വീടുകളിലേക്ക് പോയി. വിവാഹമോചിതനായ രാജൻ ഒറ്റയ്ക്കാണ് വീട്ടിൽ താമസം. ഇതിനുശേഷം രാജന്റെ വീട്ടിലെത്തിയ സുകുമാരൻ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് നടപടികൾക്ക് ശേഷം പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.