കൊച്ചി കോന്തുരുത്തിയിലെ വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അയല്‍വാസികള്‍. മൃതദേഹം കണ്ടെത്തിയ സ്ഥലമുടമ ജോര്‍ജ് ചാക്ക് ചോദിച്ച് പുലര്‍ച്ചെ അയല്‍വീടുകളില്‍ എത്തിയിരുന്നുവെന്നും മദ്യലഹരിയിലായിരുന്നുവെന്നും അയല്‍വാസികള്‍ വെളിപ്പെടുത്തി. പട്ടിയെ മൂടാന്‍ എന്ന് പറഞ്ഞാണ് ജോര്‍ജ് ചാക്ക് ചോദിച്ച് എത്തിയത്.

രാത്രിയില്‍ ജോര്‍ജിന്‍റെ വീട്ടില്‍ നിന്നും വലിയ ശബ്ദം കേട്ടിരുന്നു എന്ന് ജോര്‍ജിന്‍റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അതിഥിത്തൊഴിലാളിയും വെളിപ്പെടുത്തി. മാലിന്യം ശേഖരിക്കാനെത്തിയ ഹരിത കര്‍മ സേനാംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ പൊതി‍ഞ്ഞനിലയിലായിരുന്നു മൃതദേഹം.

ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹോം നേഴ്സ് ആയി ജോലി ചെയ്തിരുന്ന ജോര്‍ജ് വീട്ടില്‍ ഒറ്റക്കാണ് താമസിക്കുന്നത്. അദ്ദേഹത്തിന്‍റെ ഭാര്യ സ്വന്തം വീട്ടിലും മകള്‍ തിരുവനന്തപുരത്തും മകന്‍ യുകെയിലുമാണ്. മദ്യപിക്കുമെങ്കിലും ജോര്‍ജ് പ്രശ്നക്കാരനല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

മരിച്ച സ്ത്രീയുടെ ഫോട്ടോ പൊലീസ് അയല്‍വാസികളെ കാണിച്ചുവെങ്കിലും ആരും തിരിച്ചറിഞ്ഞിട്ടില്ല. മലയാളിയല്ലെന്നാണ് പ്രാഥമിക നിഗമനം. രാവിലെ വീട്ടിലെത്തിയപ്പോള്‍ ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നുവെന്നും തലമുതല്‍ അരവരെയും പ്ലാസ്റ്റിക് കവറിട്ട് മൂടിയ നിലയിലും ശേഷം ഭാഗം നഗ്നമായ നിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയതെന്നും ഹരിത കര്‍മ സേനാംഗം വെളിപ്പെടുത്തി. താനൊന്നും ചെയ്തിട്ടില്ലെന്നും ഇതെങ്ങനെ ഇവിടെ എത്തിയെന്ന് അറിയില്ലെന്നുമാണ് ജോര്‍ജ് പറഞ്ഞതെന്നും ഹരിത കര്‍മ സേനാംഗങ്ങള്‍ മനോരമന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

Kochi murder case is currently under investigation after an unidentified woman's body was found in Konthuruthy. Police have arrested George, the homeowner, and are gathering testimonies from neighbors and Haritha Karma Sena members.