കർണാടകയിൽ വീണ്ടും വൻ കവർച്ച. ബീദറില്‍ കാർ യാത്രക്കാരെ കൊള്ളയടിച്ച് 24 ലക്ഷം രൂപയുടെ സ്വർണം കവർന്നു. വിവാഹചടങ്ങിനെത്തിയ മഹാരാഷ്ട്ര സ്വദേശികളാണു കവര്‍ച്ചയ്ക്കിരയായത്. ബസവകല്യാൺ നഗറില്‍ ദേശീയപാത 65ലായിരുന്നു കൊള്ള നടന്നത്. മഹാരാഷ്ട്രയിലെ യെത്ഗാവിൽ നിന്നു ഹൈദരാബാദിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്ന കാര്‍ എട്ടംഗ സംഘം തടയുകായിരുന്നു. 

ദേശീയപാതയിലെ ആളൊഴിഞ്ഞ ഭാഗത്ത് ആണികള്‍ വിതറി ടയര്‍ പഞ്ചറാക്കിയ ശേഷമായിരുന്നു കൊള്ള. കാര്‍ നിര്‍ത്തിയപ്പോള്‍ മറഞ്ഞുനിന്ന സംഘം ഓടിയെത്തി കത്തിചൂണ്ടി സ്വർണം തട്ടിയെടുക്കുകയായിരുന്നു. 223 ഗ്രാം സ്വർണവും കൈവശമുണ്ടായിരുന്ന പണവും ഉൾപ്പെടെ 24 ലക്ഷം രൂപ വില വരുന്ന മുതല്‍ കൊള്ളയടിച്ചെന്നാണു പരാതിയിൽ പറയുന്നത്. 

കവര്‍ച്ച നടത്തിയ സംഘത്തെക്കുറിച്ച് നിലവിൽ സൂചനകളൊന്നും ലഭിച്ചിട്ടില്ല. സമാന രീതിയിലുള്ള ഹൈവേ കവര്‍ച്ചകളിലെ പ്രതികളുമായി ബന്ധപെട്ടാണു നിലവില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

ENGLISH SUMMARY:

Karnataka robbery: A major robbery took place in Karnataka, where a group of car passengers were robbed of gold worth 2.4 million rupees in Beedar. Police are investigating, focusing on suspects involved in similar highway robberies.