കൊച്ചി വൈറ്റിലയിൽ ബാർ ജീവനക്കാരെ മാരക ആയുധങ്ങളുമായി ആക്രമിച്ച സംഭവത്തിൽ സീരിയൽ നടി അടക്കം മൂന്നുപേർ പിടിയിലായി. തിരുവനന്തപുരം സ്വദേശിനിയായ 23 കാരി അലീന, ഷഹിൻ ഷാ, അൽ അമീൻ എന്നിവരാണ് പിടിയിലായത്. അഞ്ചംഗ സംഘമാണ് ബാറിൽ അതിക്രമം കാണിച്ചത്. ആയുധങ്ങൾ എത്തിച്ച തിരുവനന്തപുരം സ്വദേശി വൈഷ്ണവും മറ്റൊരാളും ഒളിവിലാണ്.
16-ാം തീയതി രാത്രിയിലാണ് സംഭവം. ബാറിൽ സംഘമായി മദ്യപിക്കുന്നതിനിടെ അടുത്ത സീറ്റിലിരിക്കുന്നയാളെ അലീന വാക്കുതർക്കമുണ്ടായി. ഇയാലെ അലീന തെറിവിളിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. വളരെ ഉച്ചത്തിൽ സംസാരിക്കുകയും തെറി വിളിക്കുകയും ചെയ്തതോടെ ബാറിലെ ജീവനക്കാർ ഇടപെട്ടു. വീണ്ടും പ്രശ്നം തുടങ്ങിയതോെ ബാർ ജീവനക്കാർ ഇടപെട്ട് പെൺകുട്ടി അടക്കം നാലു പേരെയും ബാർ ജീവനക്കാർ പുറത്താക്കുകയായിരുന്നു.
ഇതോടെ വാഹനത്തിൽ നിന്നും വടിവാളുമായി സംഘം വീണ്ടും ബാറിനുള്ളിലേക്ക് കയറുന്നതും ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു. ജീവനക്കാരും മദ്യപിക്കാൻ എത്തിയവരും ചേർന്ന് സംഘത്തെ തുരത്തി. സംഘർഷത്തിൽ ബാർ ജീവനക്കാർക്കടക്കം പരിക്കേറ്റിട്ടുണ്ട്. അലീനയുടെ കൈയ്ക്കും ഷഹിൻഷായുടെ മൂക്കിനും പരിക്കേറ്റിട്ടുണ്ട്.
സംഘം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും എറണാകുളം മെഡിക്കൽ കോളജിലേക്ക് ഡോക്ടർമാർ നിർദ്ദേശിച്ചു. ഇവിടേക്ക് പോകാതെ തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെ സംഘം പിഎസ് മിഷൻ ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ നിന്നാണ് സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.