kothamangalam-arrest-kerala-police-investigate-murder

എറണാകുളം കോതമംഗലം മാരപ്പട്ടിയിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് ഫ്രാൻസിസ് അറസ്റ്റിൽ. ഏറാമ്പ്ര സ്വദേശി സിജോ (47) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് മാരപ്പട്ടിയിലെ ഫ്രാൻസിസിന്റെ വീട്ടിൽ സിജോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സിജോയും വീടിന്റെ ഉടമസ്ഥനും സുഹൃത്തുമായ ഫ്രാൻസിസും സ്ഥിരമായി ഒരുമിച്ച് മദ്യപിക്കാറുണ്ടായിരുന്നു. സംഭവദിവസവും ഇരുവരും മദ്യപിച്ചിരുന്നു. മദ്യലഹരിയിൽ ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളെച്ചൊല്ലി രൂക്ഷമായ തർക്കമുണ്ടായി. തർക്കത്തിനൊടുവിൽ ഫ്രാൻസിസ് വീട്ടിലുണ്ടായിരുന്ന പിക്കാസ് ഉപയോഗിച്ച് സിജോയുടെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സിജോ മരിച്ചു കിടക്കുന്നുവെന്ന വിവരം ഫ്രാൻസിസ് തന്നെയാണ് അയൽവാസികളെ അറിയിച്ചത്. താൻ പുറത്തുപോയ സമയത്താണ് മരണം സംഭവിച്ചതെന്നായിരുന്നു ഇയാൾ പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ, തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് മരിച്ചു കിടന്ന നില കണ്ടതോടെ ഇത് സ്വാഭാവിക മരണമല്ല, കൊലപാതകമാണെന്ന് പൊലീസിന് ആദ്യഘട്ടത്തിൽ തന്നെ മനസ്സിലായി. സംഭവസ്ഥലത്ത് ഒരു പിക്കാസും കണ്ടെടുത്തു.

സംശയത്തിന്റെ അടിസ്ഥാനത്തിൽ ഫ്രാൻസിസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രതിയുടെ ദേഹത്ത് ചെറിയ മുറിവുകൾ ഉണ്ടായിരുന്നതും സംശയമുണ്ടാക്കി. കൃത്യമായ ചോദ്യം ചെയ്യലിൽ കൊലപാതകം നടത്തിയത് താനാണെന്ന് ഫ്രാൻസിസ് സമ്മതിക്കുകയായിരുന്നു. കൊലപാതകം സ്ഥിരീകരിച്ചതോടെ ഫ്രാൻസിസിൻ്റെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി.

ENGLISH SUMMARY:

Ernakulam Murder: A man was murdered in Kothamangalam, Ernakulam, and his friend was arrested. The murder stemmed from a financial dispute during a drinking session.