കൊച്ചിയില്‍ പോക്കറ്റില്‍ നിന്ന് പണംതട്ടിയത് ചോദ്യംചെയ്തതിന് സുഹൃത്തിനെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. മെട്രോ പില്ലറിന് താഴെ കഴിയുന്ന പിറവം സ്വദേശിനെ ജോസഫിനെയാണ് സുഹൃത്ത് ആന്‍റണി കൊല്ലാന്‍ ശ്രമിച്ചത്. കടവന്ത്ര ജംക്ഷന് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം. സംഭവശേഷം രക്ഷപ്പെട്ട ആന്‍റണിയെ നഗരത്തിലെ ലോഡ്ജില്‍ നിന്ന് പിടികൂടി. കടവന്ത്ര ജംക്ഷന് സമീപം പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു പെട്രോള്‍ ആക്രമണം. മെട്രോ പില്ലറുകള്‍ക്കിടയില്‍ കിടന്നുറങ്ങിയ ജോസഫിനെ ഒളിച്ചെത്തിയ ആന്‍റണി പെട്രോളൊഴിച്ച് തീ കൊളുത്തി.
കമിഴ്ന്ന് കിടന്നുറങ്ങിയ ജോസഫ് ശരീരത്തില്‍ വീണത് വെള്ളമെന്ന് കരുതി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആന്‍റണി തീപ്പെട്ടിയുരച്ചിട്ടത്. ജോസഫിന്‍റെ തലമുതല്‍ പാദം വരെ തീ ആളിപ്പടര്‍ന്നു. സമീപത്തെ ചെടികളും കത്തിക്കരിച്ചു. വിവരമറിഞ്ഞ സ്ഥലതെത്തിയ കടവന്ത്ര പൊലീസാണ് ജോസഫിനെ ആശുപത്രിയിലെത്തിച്ചത്. ആന്‍റണിയാണ് ആക്രമിച്ചതെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ജോസഫ് പൊലീസിനെ അറിയിച്ചു. കഴിഞ്ഞ ദിവസം തന്‍റെ പോക്കറ്റില്‍ നിന്ന് ജോസഫ് പണമെടുത്തെന്നും ഇത് ചോദ്യം ചെയ്തതിന്‍റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നും ജോസഫ് മൊഴി നല്‍കി.
ആന്‍റണിയും ജോസഫും വര്‍ഷങ്ങളായി മെട്രോ പില്ലറിന് കീഴിലാണ് താമസം. ജോസഫിനെ ആക്രമിച്ച് രക്ഷപ്പെട്ട ആന്‍റണിയെ മണിക്കൂറുകള്‍ക്കകം കടവന്ത്ര പൊലീസ് പിടികൂടി. നഗരത്തിലെ ഒരു ലോഡ്ജിലെത്തിയ ആന്‍റണി കുളിച്ചൊരുങ്ങുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കുപ്പിയില്‍ പെട്രോളുമായാണ് ആന്‍റണി എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പെട്രോള്‍ വാങ്ങിയത് എവിടെ നിന്നടക്കം കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്. പോക്സോ അടക്കമുള്ള കേസുകളില്‍ പ്രതിയാണ് ആന്‍റണി. അന്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ ജോസഫ് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.