ഏറെ കോളിളക്കം സൃഷ്ടിച്ച കണ്ണൂർ പാലത്തായി പീഡന കേസിൽ തലശ്ശേരി പോക്സോ അതിവേഗ കോടതി ഇന്ന് വിധി പറയും. അധ്യാപകനും ബിജെപി നേതാവുമായ കുനിയിൽ പത്മരാജൻ സ്കൂളിലെ പത്തു വയസ്സുകാരിയായ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് വിധി പറയുന്നത്. രാഷ്ട്രീയ വിവാദം കൂടിയായ കേസിലെ പരാതി വ്യാജമാണെന്നും എസ്.ഡി.പി.ഐ ഗൂഢാലോചനയാണ് പിന്നിലുള്ളതെന്നുമായിരുന്നു ബിജെപി ആരോപണം.

palathayi-pocso-case

പത്മരാജന്‍

2020 മാർച്ച് 16ന് തലശ്ശേരി ഡിവൈഎസ്പിക്ക് ലഭിച്ച പരാതിയായിരുന്നു തുടക്കം. ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡണ്ടും സംഘപരിവാർ അധ്യാപക സംഘടനയായ എൻടിയുവിന്‍റെ ജില്ലാ നേതാവുമായിരുന്ന പ്രതി കെ.കെ.പത്മരാജൻ പെൺകുട്ടിയെ സ്കൂളിലെ ശുചിമുറിയിൽ വച്ചും മറ്റൊരു വീട്ടിൽ വച്ചും ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. തലശ്ശേരി ഡിവൈഎസ്പി പാനൂർ പൊലീസിന് പരാതി കൈമാറി. അന്വേഷണത്തിൽ പരാതി വ്യാജമാണെന്നായിരുന്നു ആദ്യ കണ്ടെത്തൽ. എന്നാല്‍ പ്രതിക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം ഉയർന്നതോടെ പോക്സോ ചുമത്തി കേസെടുത്തു.

ഏപ്രിൽ 15ന് ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പത്മരാജനെ അറസ്റ്റു ചെയ്തു. അന്വേഷണ സംഘത്തിനെതിരെ പരാതിക്കാരിയായ പെൺകുട്ടിയുടെ കുടുംബത്തിന്‍റെ വിമർശനങ്ങൾ ഉയർന്നതോടെ കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. എന്നാൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നതിൽ അലംഭാവം കാട്ടി. 90 ദിവസം തികയുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് കുറ്റപത്രം നൽകിയത്. പോക്സോ വകുപ്പും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയില്ല. പോക്സോ ചുമത്താത്തതിനാൽ ഹൈക്കോടതിയിൽ നിന്ന് പ്രതിക്ക് ജാമ്യവും ലഭിച്ചു. ഇതോടെ കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ അന്വേഷണം നർക്കോട്ടിക് സെൽ എ.എസ്.പി ആയിരുന്ന രേഷ്മ രമേഷിന് നൽകിയത്.

എന്നാല്‍ ഈ അന്വേഷണവും തെറ്റായ ദിശയിലാണെന്ന് കോടതിയിൽ പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചതോടെ വീണ്ടും അന്വേഷണ സംഘത്തെ മാറ്റി. ഡിഐജി എസ്.ശ്രീജിത്തിനായിരുന്നു അന്വേഷണ ചുമതല. അന്വേഷണത്തിനിടെ പ്രതി നിരപരാധിയാണെന്ന് എസ്.ശ്രീജിത്ത് പറയുന്ന ശബ്ദരേഖ പുറത്തുവന്നത് വൻ വിവാദമായി. ശബ്ദരേഖ ശ്രീജിത്ത് നിഷേധിക്കുകയും ചെയ്തിരുന്നില്ല. ഇതിന് പിന്നാലെയാണ് വീണ്ടും അന്വേഷണസംഘത്തെ മാറ്റുന്നത്. 

എഡിജിപി ഇ.ജെ.ജയരാജൻ, തളിപ്പറമ്പ് ഡിവൈഎസ്പി ആയിരുന്ന ടി.കെ.രത്നകുമാർ എന്നിവരുടെ സംഘത്തിനായിരുന്നു അടുത്ത ചുമതല. ഇവരുടെ അന്വേഷണത്തിലാണ് പോക്സോ ചേർത്ത് അന്തിമ കുറ്റപത്രം നൽകിയത്. കൂടാതെ പീഡനം ഉണ്ടായ ശുചിമുറിയിൽ നിന്ന് രക്തസാമ്പിളുകൾ അന്വേഷണസംഘം കണ്ടെത്തുകയും ചെയ്തു.

അഞ്ചുതവണ അന്വേഷണസംഘത്തെ മാറ്റിയ പാലത്തായി കേസിൽ തുടക്കം മുതൽ രാഷ്ട്രീയ വിവാദവും ഉണ്ടായിരുന്നു. പീഡന പരാതിക്ക് പിന്നിൽ എസ്.ഡി.പി.ഐയും, ജമാഅത്തെ ഇസ്‌ലാമിയും ആണെന്നായിരുന്നു ബിജെപി ആരോപിച്ചിരുന്നത്. തലശ്ശേരി പോക്സോ കോടതി ജഡ്ജി എം.ടി.ജലജറാണിയാണ് കേസിൽ വിധി പറയുക. ശിശുദിനത്തിലാണ് പാലത്തായി പീഡനക്കേസിൽ വിധി പറയുന്നത് എന്നതാണ് ശ്രദ്ധേയം.

ENGLISH SUMMARY:

The Thalassery POCSO Fast Track Court is set to deliver its verdict today in the highly controversial Palathayi sexual abuse case against K. K. Padmarajan, a teacher and former BJP leader, for allegedly abusing a 10-year-old student. The case saw numerous twists, including initial findings suggesting the complaint was fake, five changes in the investigation team (with a team later confirming POCSO and finding blood samples), and political controversy with the BJP alleging an SDPI conspiracy. The verdict is pronounced on Children's Day (November 14).