തൃശ്ശൂർ മുറ്റിച്ചൂരിൽ ബൈക്ക് യാത്രക്കാരന് നേരെ കുരുമുളക് സ്പ്രേ അടിച്ച് പട്ടാപ്പകൽ മൂന്ന് ലക്ഷം രൂപ കവർന്ന മൂന്ന് പേർ അറസ്റ്റിൽ. ബാഗിനുള്ളിൽ സ്വർണമാണെന്ന കണക്കുകൂട്ടലിലായിരുന്നു പിടിച്ചുപറി. ആക്രമിക്കപ്പെട്ട ബൈക്ക് യാത്രക്കാരൻ ആഭരണ നിർമ്മാണ സ്ഥാപനത്തിന്റെ കളക്ഷൻ ഏജന്റാണ്.
ഒരാഴ്ച മുമ്പായിരുന്നു പിടിച്ചുപറി. വാടാനപ്പള്ളി സ്വദേശിയായ അക്ഷയ് പ്രതാപ് പവാർ ബൈക്കിൽ വരുമ്പോഴായിരുന്നു ആക്രമണം. ഇദ്ദേഹം ആഭരണ നിർമ്മാണ സ്ഥാപനങ്ങളിലെ കളക്ഷൻ ഏജന്റാണ്. പണി കഴിഞ്ഞ ആഭരണങ്ങൾ ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് കൊണ്ടുപോകാറുണ്ട്. സ്വർണം കൊണ്ടുപോകുന്ന വിവരം അറിയാവുന്നവരാണ് ഒറ്റിയത്. പക്ഷേ, അക്ഷയിയുടെ കൈവശം സ്വർണ്ണമുണ്ടായിരുന്നില്ല. പകരം, മൂന്ന് ലക്ഷം രൂപ വാഹനത്തിന്റെ വായ്പ തിരിച്ചടവിനായി ബാങ്കിലേക്ക് കൊണ്ടുപോകുകയായിരുന്നു.
സിസിടിവി കാമറകൾ നിരീക്ഷിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി അർജുൻ, ഇടുക്കി സ്വദേശി ബോബി ഫിലിപ്പ്, ആലുവ സ്വദേശി ഗ്ലിവിൻ ജെയിംസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ സഹായിക്കാൻ കൂട്ടുനിന്ന മൂന്ന് യുവാക്കളെക്കൂടി പൊലീസ് തിരയുന്നുണ്ട്. ബോബി ഫിലിപ്പ് ഒട്ടേറെ പിടിച്ചുപറി കേസുകളിൽ പ്രതിയാണ്.