കോട്ടയം തിരുവഞ്ചൂരിലെ ആഭിചാരക്രിയ കേസിൽ മുഖ്യപ്രതിയായ പൂജാരിയെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 24 വയസ്സുള്ള യുവതിയെ ആചാരക്രിയയ്ക്ക് വിധേയമാക്കിയ തിരുവല്ല സ്വദേശിയായ ശിവദാസുമായിട്ടായിരുന്നു തെളിവെടുപ്പ്. ആദ്യമായിട്ടാണ് പ്രദേശത്ത് ആഭിചാരമെക്കെ നടക്കുന്നതെന്ന് നാട്ടുകാർ മനോരമ ന്യൂസിനോട് പറഞ്ഞു.
ആഭിചാരക്രിയക്രിയ നടന്ന തിരുവഞ്ചൂർ കുരട്ടിക്കുന്നിലെ വീട്ടിൽ എത്തിച്ചാണ് ശിവദാസുമായി മണർകാട് പൊലീസ് തെളിവെടുപ്പ് നടത്തിയത്. 1,500 രൂപയാണ് ആഭിചാരത്തിന് കൂലിയായിട്ട് വാങ്ങിച്ചതെന്ന് ശിവദാസ് പൊലീസിനോട് പറഞ്ഞു. എന്നാൽ ആഭിചാരക്രിയയ്ക്ക് ഇരയായ യുവതി പറഞ്ഞത് 6000 രൂപ ആണ് വീട്ടിൽ നിന്ന് കൊടുത്തതെന്നാണ്. ഇതുവരെ മൂന്നു പേരാണ് കേസുമായി ബന്ധപ്പെട്ട് പിടിയിലായിരിക്കുന്നത്. ശിവദാസ്(54), യുവതിയുടെ ഭർത്താവ് മണർകാട് തിരുവഞ്ചൂർ കൊരട്ടിക്കുന്നേൽ അഖിൽദാസ് (26), ഇയാളുടെ പിതാവ് ദാസ്(55) എന്നിവരെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്.
തന്‍റെ ശരീരത്തില്‍ ദുരാത്മാക്കള്‍ ഉണ്ടെന്ന് പറഞ്ഞാണ് ശിവദാസിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്ന് യുവതി പറഞ്ഞു. ശരീരത്തില്‍ എട്ട് ബാധ ഉണ്ടെന്ന് പറഞ്ഞു. അത് ഒഴിപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ആഭിചാരക്രിയ നടത്തിയത് എന്നാണ് വീട്ടുകാർ യുവതിയോട് പറഞ്ഞത്. കഴിഞ്ഞ രണ്ടാം തിയതി 10 മണിക്കൂറോളം വീടിനുള്ളിൽ വച്ച് ആഭിചാരക്രിയ നടത്തി. യുവതിയുടെ ശരീരത്തിൽ പൊള്ളൽ ഏൽപ്പിച്ചു. സിഗരറ്റും ബീഡിയും കൊണ്ട് നെറ്റിയിൽ മുറിവേൽപ്പിച്ചു. ഭസ്മം തീറ്റിക്കുകയും, മദ്യം കുടിപ്പിക്കുകയും, ബീഡി വലിപ്പിക്കുകയും ചെയ്തു. അതിക്രൂരമായിട്ടുള്ള പീഡനത്തിനാണ് യുവതി ഇരയായത്. കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ ഒളിവിലാണ്. അന്വേഷണം തുടരുകയാണ്.