Image Credit: Meta AI
പലഹാരം നല്‍കാന്‍ കൂട്ടിക്കൊണ്ട് പോയ ശേഷം സ്വര്‍ണമാലയ്ക്കായി വയോധികയെ കഴുത്ത് ഞെരിച്ച് കൊന്ന യുവതി അറസ്റ്റില്‍. കര്‍ണാടകയിലെ കുഗുരു ഗ്രാമത്തിലാണ് സംഭവം. ഭദ്രാമ്മ (68) ആണ് കൊല ചെയ്യപ്പെട്ടത്. ഒക്ടോബര്‍ 30 മുതല്‍ ഇവരെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു.
വീട്ടുകാരും നാട്ടുകാരും വ്യാപകമായി തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ വ്യാഴാഴ്ച നിര്‍ണായക വിവരം ലഭിച്ചു. ഗ്രാമവാസിയായ ദീപയ്ക്കൊപ്പമാണ് ഭദ്രാമ്മയെ ഒടുവിലായി കണ്ടതെന്നും ഇവരുടെ വീട്ടില്‍ ഭദ്രാമ്മ എത്തിയിരുന്നുവെന്നും അയല്‍വാസി പൊലീസില്‍ മൊഴി നല്‍കി. തുടര്‍ന്ന് ദീപയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.
മധുര പലഹാരമായ കാജയ്യ കൊടുക്കാമെന്ന് പറഞ്ഞാണ് ഭദ്രാമ്മയെ ദീപ വീട്ടിലേക്ക് വിളിച്ചുകൊണ്ട് പോയത്. വീട്ടിലെത്തിയതിന് പിന്നാലെ ഭദ്രാമ്മയെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പായതോടെ സ്വര്‍ണമാല കൈക്കലാക്കി. തുടര്‍ന്ന് വലിയ ചാക്കിലാക്കി മൃതദേഹം വീടിനുള്ളില്‍ തന്നെ രണ്ട് ദിവസം സൂക്ഷിച്ചു. മണം വരാന്‍ തുടങ്ങിയതോടെ വീട്ടിലെ കുറച്ച് വേസ്റ്റ് കളയാന്‍ ഉണ്ടെന്ന് മകനോട് പറഞ്ഞു. മകനുമൊത്ത് വീട്ടിലെ മറ്റ് മാലിന്യങ്ങള്‍ക്കൊപ്പം മൃതദേഹമടങ്ങിയ ചാക്കും ദൊഡ്ഡതിമ്മസാന്ദ്ര തടാകത്തിന്‍റെ അടുത്തുള്ള കുറ്റിക്കാട്ടില്‍ കൊണ്ട് തള്ളി. തുടര്‍ന്ന് ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ വീട്ടിലെത്തി ദീപ സ്വന്തം ജോലിയില്‍ മുഴുകി. ഇതിനിടെ ഭദ്രാമ്മയെ തിരക്കി കുടുംബാംഗങ്ങള്‍ എത്തിയെങ്കിലും പലഹാരം കഴിച്ച് അപ്പോള്‍ തന്നെ ഭദ്രാമ്മ മടങ്ങിയിരുന്നുവെന്ന് വിശ്വസിപ്പിച്ച് മടക്കി അയയ്ക്കുകയായിരുന്നു.
ദീപയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുറ്റിക്കാട്ടില്‍ നിന്നും ഭദ്രാമ്മയുടെ മൃതദേഹം പൊലീസ് വീണ്ടെടുത്തു. അഴുകിത്തുടങ്ങിയ നിലയിലായിരുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. പിന്നാലെ ദീപയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കഴുഞ്ഞ് ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചത്.