തിരുവനന്തപുരം പോത്തന്‍കോട് ബന്ധുവെന്ന വ്യാജേന വീട്ടില്‍ കയറി മോഷണം. പ്രായം ചെന്ന അമ്മ മാത്രം വീട്ടിലുള്ളപ്പോഴെത്തി ചായ ചോദിച്ച ശേഷമാണ് മോഷ്ടാവ് സ്വര്‍ണവും മൊബൈലും കവര്‍ന്നത്. എന്തായാലും സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങിയ മോഷ്ടാവിനെ തപ്പി പൊലീസ് ഇറങ്ങിയിട്ടുണ്ട്.
മോഷണത്തിന്‍റെ പുതിയ രീതിയാണ് പോത്തന്‍കോടിനടുത്ത് പന്തലക്കാട് എന്ന സ്ഥലത്ത് പരീക്ഷിച്ചത്. ബൈക്കിലിങ്ങിനെ കറങ്ങി നെടുവിള പോയ്കയില്‍ സരോജനിയമ്മയുടെ വീടിന് സമീപമെത്തി. അമ്മ അവിടെ ഒറ്റക്കാണെന്ന് മനസിലായതോടെ തലയിലെ തൊപ്പിയൊക്കെ മാറ്റി മുറ്റത്തേക്ക് കയറി. സരോജനിയമ്മയുടെ ബന്ധുവായ ബാലനാണെന്ന് സ്വയം പരിചയപ്പെടുത്തി. ബന്ധുവാണെന്ന് കേട്ടതോടെ സരോജനിയമ്മ വീട്ടില്‍ കയറിയിരിക്കാന്‍ പറഞ്ഞു. കയറിയിരുന്ന് സംസാരിക്കുന്നതിനിടെ കുടിക്കാന്‍ ചായ ചോദിച്ചു. ചായ എടുക്കാന്‍ അമ്മ അടുക്കളയിലേക്ക് പോയ തക്കത്തിന് അലമാരയില്‍ നിന്ന് സ്വര്‍ണമാലയും മേശപ്പുറത്തിരുന്ന മൊബൈലും അടിച്ചുമാറ്റി മുങ്ങി.
സി.സി.ടി.വിയില്‍ പതിഞ്ഞതോടെ പൊലീസിന് ഏതാണ്ട് ആളെ പിടികിട്ടിയിട്ടുണ്ട്. ഉടന്‍ പിടികൂടുമെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. അതിനിടെ പോത്തന്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മറ്റൊരു സ്ഥലത്തും ബന്ധുവെന്ന് പരിചയപ്പെട്ടെത്തി മോഷണം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.