വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് പട്ടാപ്പകൽ വീട്ടിൽ കയറി എൺപത്തിയൊന്നുകാരിയെ ആക്രമിച്ച് സ്വർണാഭരണം കവർന്നു. കോട്ടയം കുറിച്ചി സ്വാമിക്കവലയിൽ താമസിക്കുന്ന അന്നമ്മയുടെ കയ്യിൽ മുറിവേൽപ്പിച്ചാണ് കയ്യിൽ കിടന്ന സ്വർണവള കൊണ്ടുപോയത്. രക്തം വാർന്ന് അവശനിലയിൽ കിടന്ന അന്നമ്മ ആശുപത്രിയിൽ ചികിൽസയിലാണ്.
എല്ലാവരും പള്ളിയിൽ പോയി തിരികെ വീട്ടിൽ വന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. വീട്ടിൽ തനിച്ചിരുന്ന 81 വയസുള്ള അന്നമ്മയെ ആക്രമിച്ചാണ് അന്നമ്മയുടെ കയ്യിൽ കിടന്ന സ്വർണവളമോഷ്ടാവ് കൊണ്ടുപോയത്. രക്തം വാർന്ന് അവശനിലയിൽ കിടക്കുകയായിരുന്നു അന്നമ്മ.
കഴുത്തിൽ കിടന്ന സ്വർണമാല ഊരി വച്ചിരുന്നതിനാൽ നഷ്ടപ്പെട്ടില്ല. അടുക്കള വാതിൽ വഴിയാണോ മോഷ്ടാവ് രക്ഷപ്പെട്ടതെന്ന് സംശയം. വാതിൽ തുറന്നു കിടക്കുകയായിരുന്നു. ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അന്നമ്മയെ വിദഗ്ധ പരിശോധനകൾക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പട്ടാപ്പകൽ നടന്ന മോഷണം നാട്ടുകാരിലും ഞെട്ടലുണ്ടാക്കി