യുവാക്കളെ പലവട്ടം ജീപ്പിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിലായി. മദ്യലഹരിയിൽ കാറിൽ - ജിപ്പിടിപ്പിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരെ തടഞ്ഞുനിർത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയത് തടയാൻ ശ്രമിച്ച കേസിലാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രി 10.30 ന് തച്ചങ്ങോട് മരുതങ്ങിൽ വച്ചാണ് വിഷ്ണുപ്രസാദ് കാറിലെ യാത്രക്കാരെ തടഞ്ഞുവച്ചത്. ഫാബ്രിക്കേഷൻ ജോലിക്കാരനായ അഭിലാഷും സിറാജുദ്ദീനും ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴാണ് പ്രശ്നം നേരിൽ കാണുന്നത്. കാർ യാത്രക്കാരെ തടഞ്ഞ വിഷ്ണുപ്രസാദ് മദ്യലഹരിയിൽ ആണെന്ന് മനസ്സിലായതോടെ യുവാക്കൾ യാത്രക്കാരെ സുരക്ഷിതമായി പറഞ്ഞുവിട്ടു. ഇതിന്റെ വിരോധത്തിൽ വിഷ്ണുപ്രസാദ് യുവാക്കളുടെ നേരെ ജീപ്പ് ഓടിച്ചു കയറ്റുകയായിരുന്നു. സിറാജുദ്ദീന്‍റെ ബൈക്ക് ഇടിച്ചിട്ടശേഷം ഏറെ ദൂരം റോഡിലൂടെ നിരക്കിക്കൊണ്ടുപോയി.
സി.സി.ടി.വിയിൽ ആക്രമിക്കുന്നത് വ്യക്തമായി കാണാം. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ കാവുങ്ങൽ പുത്തൻപുരയിൽ അഭിലാഷ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അഭിലാഷിനെ റോഡിലൂടെ വലിച്ചിഴച്ചത് കാരണം തലക്കും കാലിനും പരിക്കുണ്ട്. വാഹനമിടിച്ച സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്ത് മംഗലപറമ്പ് സിറാജുദ്ദീൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇരുവരുടെയും ബൈക്കിൽ, ജീപ്പ് കൊണ്ടിടിപ്പിച്ചാണ് പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ജീപ്പിടിപ്പിച്ച് സിറാജുദ്ദീന്റെ ബൈക്ക് 200 മീറ്ററോളം റോഡിലൂടെ നിരക്കി കൊണ്ടുപോവുകയായിരുന്നു. പത്തിലധികം ക്രിമിനൽ കേസുകൾ പ്രതിയാണ് പിടിയിലായ വിഷ്ണുപ്രസാദ്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കും.