വിയ്യൂരിൽ തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകൻ സ്കൂട്ടർ തട്ടിയെടുത്തതായി സംശയം . വിയ്യൂരിൽ നിന്ന് നഷ്ടപ്പെട്ട KL 08 CA 9534 നമ്പര്‍ സ്കൂട്ടര്‍ ബാലമുരുകൻ മോഷ്ടിച്ചതാണെന്നാണ് പോലീസിന്റെ സംശയം. സ്കൂട്ടറിൽ നിന്ന് ഉടമ താക്കോൽ എടുക്കാൻ മറന്നിരുന്നു . പോരാത്തതിന് 70 കിലോമീറ്റർ ദൂരം സഞ്ചരിക്കാനുള്ള പെട്രോളും .
ബാലമുരുകനെ വിയ്യൂരിലെത്തിച്ചത് വിലങ്ങില്ലാതെ
തൃശൂര്‍ വിയ്യൂര്‍ ജയിലിന് മുന്നില്‍നിന്ന് രക്ഷപെട്ട കുറ്റവാളി ബാലമുരുകനെ തമിഴ്നാട് പൊലീസ് എത്തിച്ചത് വിലങ്ങില്ലാതെ. ആലത്തൂരിലെ ഹോട്ടലില്‍ എത്തിച്ചപ്പോള്‍ വിലങ്ങില്ലാതെ ബാലമുരുകന്‍ നീങ്ങുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.
തിങ്കള്‍ രാത്രിയാണ് ബാലമുരുകൻ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. തമിഴ്നാട്ടുകാരായ മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വിയ്യൂരിൽ കേസെടുത്തു. ബാലമുരുകനെ കണ്ടെത്താൻ കേരളത്തിലും തമിഴ്നാട്ടിലും അന്വേഷണം ഊർജിതമാക്കി .
കൊലപാതകം മോഷണം ഉൾപ്പെടെ 53 കേസുകളിൽ പ്രതി. തമിഴ്നാട്ടിലെ തെങ്കാശിയിലെ ഗുണ്ടാ നേതാവ്. നാടിനു വിറപ്പിച്ച കൊടും ക്രിമിനൽ ബാലമുരുകൻ വിയ്യൂരിൽ തിങ്കള്‍ രാത്രി 9:40നാണ് രക്ഷപ്പെട്ടത്. തമിഴ്നാട് പൊലീസ് വിയ്യൂർ സെൻട്രൽ ജയിലില്‍ എത്തിക്കാൻ ബാലമുരുകനൊപ്പം വന്നതായിരുന്നു. ജയിലിലെത്താൻ 100 മീറ്റർ അകലെ കാർ എത്തിയപ്പോൾ മൂത്രമൊഴിക്കാൻ ബാലമുരുകൻ ആവശ്യപ്പെട്ടു. വണ്ടി നിർത്തി പുറത്തിറങ്ങിയ ബാലമുരുകൻ പൊലീസിനെ വെട്ടിച്ച് ജയിൽ വളപ്പിലേക്ക് തന്നെ ചാടി. പിന്നീട് വീഴൂരിലെ ഹൗസിംഗ് കോളനി വഴി ചതുപ്പ് നിലത്തിലൂടെ റെയിൽവേ ട്രാക്കിൽ എത്തി .
റെയിൽവേ ട്രാക്കിലൂടെ രക്ഷപ്പെടാൻ ആണ് സാധ്യത . രാത്രി 9 . 40ന് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിട്ടും തമിഴ്നാട് പൊലീസ് വിയ്യൂർ പൊലീസിനെ അറിയിച്ചത് ഒരു മണിക്കൂറിനു ശേഷമാണ് . തമിഴ്നാട് പൊലീസിന്റെ വീഴ്ചയാണ് ഈ രക്ഷപ്പെടലിന് കേരള പൊലീസ് പറയുന്നു. ബാലമുരുകൻ മതിൽ ചാടിയതിന് പിന്നാലെ പിന്തുടർന്നെങ്കിലും കിട്ടിയില്ലെന്ന് തമിഴ്നാട് പൊലീസിലെ എസ് ഐ: നാഗരാജൻ പറയുന്നു.
വിയ്യൂർ ജയിൽ പരിസരത്തെ കിണറുകൾ , തോടുകൾ, പാടങ്ങൾ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിൽ മണിക്കൂറുകളോളം കേരള പൊലീസ് തിരഞ്ഞു . പക്ഷേ , കിട്ടിയില്ല. ഒന്നരവർഷം മുമ്പ് വിയ്യൂർ അതീവ സുരക്ഷാ ജയിലിന്റെ മുറ്റത്ത് തമിഴ്നാട് പോലീസിന്റെ വാനിൽ നിന്ന് ബാലമുരുകൻ രക്ഷപ്പെട്ടിരുന്നു . അന്ന് വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് തട്ടിയെടുത്ത് ആയിരുന്നു തമിഴ്നാട്ടിലേക്ക് കടന്നത് . അപകടകാരിയായ ക്രിമിനലിനെ പിടികൂടാൻ കേരള, തമിഴ്നാട് പൊലീസ് സേനകൾ തിരച്ചിൽ തുടരുകയാണ്. ബാലമുരുകൻ പുറത്തു നിൽക്കുന്നിടത്തോളം ജനത്തിന് ഭീഷണിയാണെന്ന് പൊലീസിന് അറിയാം. ആ ജാഗ്രതയിലാണ് തിരച്ചിൽ .