അങ്കമാലി കറുകുറ്റിയിൽ മരിച്ച ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ കഴുത്തില്‍ മുറിവേറ്റ പാടുകള്‍. ആന്‍റണി–റൂത്ത് ദമ്പതികളുടെ മകള്‍ ഡല്‍നയാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കുഞ്ഞിന്‍റെ അമ്മൂമ്മ റോസിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആരോഗ്യനില മോശമായതിനാല്‍ ഇവരെ പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നു രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. വീട്ടിൽ ആന്‍റണിയും റൂത്തും അമ്മൂമ്മ റോസിയുമാണ് താമസം. കുഞ്ഞിനെ അമ്മൂമ്മയുടെ അരികിലാക്കി അമ്മ അടുക്കളയിൽ ജോലിയിലായിരുന്നു. തിരിച്ചെത്തി നോക്കുമ്പോള്‍ കുഞ്ഞ് ചോരവാർന്നു കിടക്കുന്നതു കണ്ടെന്നും തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.
‘കുഞ്ഞ് ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു... വീണതോ മറ്റോ ആണെന്നാണ് വിചാരിച്ചത്. പെട്ടെന്ന് ഞാന്‍ വണ്ടിയെടുത്തു, അച്ഛനും അമ്മയും കുഞ്ഞുമായി വണ്ടിയില്‍ കയറി. ഒരു ഒന്‍പതര ആയപ്പോള്‍ കുട്ടി മരിച്ചെന്ന് അവര്‍ പറഞ്ഞു. എന്തോ കടിച്ചതാണെന്നാണ് പറഞ്ഞത്.’ കുട്ടിയെ ആശുപത്രിയല്‍ കൊണ്ടുപോയ അയല്‍വാസി പറയുന്നു.
കുഞ്ഞിന്‍റെ കഴുത്തിൽ പരുക്കുകളേറ്റ പാടുകളുണ്ട്. എന്താണ് കുഞ്ഞിന്‍റെ മരണത്തിന് കാരണമായതെന്നതില്‍ വ്യക്തതയില്ല. കേസിൽ വീട്ടുകാരുടെയടക്കം മൊഴി രേഖപ്പെടുത്തുവാണെന്ന് അങ്കമാലി പൊലീസ് വ്യക്തമാക്കി.