kozhikode

TOPICS COVERED

കൊടുംക്രിമിനല്‍ ബാലമുരുകന്‍ വിയ്യൂരില്‍ നിന്ന് തമിഴ്നാട് പൊലീസിന്‍റെ കസ്റ്റഡിയില്‍ രക്ഷപ്പെട്ട ശേഷം മുങ്ങിയത് തട്ടിയെടുത്ത സ്കൂട്ടറിലാണെന്ന് സംശയം. വിയ്യൂരിലെ വീട്ടുമുറ്റത്തു നിന്ന് താക്കോല്‍ സഹിതം നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ മോഷണം പോയി. സ്കൂട്ടറില്‍ പോയത് ബാലമുരുകനാണെങ്കില്‍ കസ്റ്റഡിയില്‍ നിന്ന് ചാടിയ ശേഷം മുപ്പതു മണിക്കൂറോളം വിയ്യൂരില്‍തന്നെ ഒളിച്ചിരുന്നിരിക്കണം. 

തിങ്കളാഴ് രാത്രി 9.40ന് ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. അന്നു രാത്രി മുഴുവന്‍ പൊലീസ് തിരഞ്ഞു. ഇന്നലെ പകലും രാത്രിയും തിരഞ്ഞു. എന്നിട്ടും കിട്ടിയില്ല. ഇതിനിടയിലാണ് ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെ വിയ്യൂരില്‍ നിന്ന് സ്കൂട്ടര്‍ മോഷണം പോയത്. കരാറുകാരനായ സുരേന്ദ്രന്‍റെ വീട്ടുമുറ്റത്തായിരുന്നു സ്കൂട്ടര്‍. കെട്ടിട നിര്‍മാണ സാമഗ്രികളുടെ വണ്ടി കിടക്കുന്നതിനാല്‍ ഗേയ്റ്റ് അടയ്ക്കാനും കഴിഞ്ഞില്ല. ഹെല്‍മറ്റും സ്കൂട്ടറിലുണ്ടായിരുന്നു. എഴുപതു കിലോമീറ്റര്‍ ഓടിക്കാനുള്ള പെട്രോളും വണ്ടിയിലുണ്ട്. 

പൊലീസിന്‍റെ കണക്കുകൂട്ടല്‍പ്രകാരം സ്കൂട്ടര്‍ തട്ടിയെടുത്തത് ബാലമുരുകന്‍തന്നെയാണ്. കഴിഞ്ഞ മേയില്‍ വിയ്യൂരില്‍ നിന്ന് തമിഴ്നാട് പൊലീസിനെ വെട്ടിക്ക് കടന്നപ്പോഴും സമാനമായി ബൈക്ക് തട്ടിയെടുത്തിരുന്നു. വിയ്യൂരില്‍ നിന്ന് രണ്ടു തവണ തമിഴ്നാട് പൊലീസിനെ കബളിപ്പിച്ച് കടന്നു. ഒരിക്കല്‍ കേരള പൊലീസിനേയും കബളിപ്പിച്ചിട്ടുണ്ട്. ഇടുക്കിയില്‍ നിന്ന് പോയ പൊലീസ് സംഘത്തെ വെട്ടിച്ചായിരുന്നു കടന്നത്. ഇതുകൂടാതെ, മറ്റു രണ്ടു തവണയും പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. കവര്‍ച്ച, കൊലപാതകം ഉള്‍പ്പെടെ അന്‍പത്തിമൂന്നു കേസുകളില്‍ പ്രതിയാണ് ബാലമുരുകന്‍. തമിഴ്നാട് തെങ്കാശി സ്വദേശിയാണ്. 

ENGLISH SUMMARY:

Baluramugan escapes from custody and is suspected of stealing a scooter. The criminal is at large, and police are investigating a scooter theft from Viyyur.