ജോലി ചെയ്യുന്ന വീട്ടിലെ വളര്‍ത്തുനായയെ ഭിത്തിയിലടിച്ചു കൊന്നതിനു വീട്ടുജോലിക്കാരി അറസ്റ്റില്‍. ബെംഗളുരു കണ്ണൂര്‍ റോഡിലെ അപ്പാര്‍ട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് തമിഴ്നാട് സ്വദേശിയായ 29 കാരി അറസ്റ്റിലായത്.
കണ്ണൂര്‍ റോഡിലെ അപ്പാര്‍ട്ട്മെന്റിലെ വേലക്കാരിയാണു ദൃശ്യങ്ങളില്‍ കാണുന്ന പുഷ്പലത. വീട്ടുജോലിക്കൊപ്പം ഉടമയുടെ അരുമകളായ വിദേശയിനം നായളെ പതിവായി നടത്തിക്കാനും കൊണ്ടുപോകണം. കഴിഞ്ഞ ദിവസം നടക്കാന്‍ പോയി തിരികെയെത്തിയ നായകളില്‍ ഒന്നിനു ജീവനുണ്ടായിരുന്നില്ല. വാഹനമിടിച്ചു ചത്തുവെന്നായിരുന്നു പുഷ്പലതയുടെ മൊഴി.സംശയം തോന്നി ഫ്ലാറ്റുമട ലിഫ്റ്റിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് ക്രൂരത വെളിവായത്. നായ നിര്‍ത്താതെ കുരച്ചതോടെ ലിഫ്റ്റിന്റെ ഭിത്തിയിലിടിച്ചു കൊല്ലുകയായിരുന്നു. ലിഫ്റ്റ് തുറക്കുമ്പോള്‍ ഒരു നായ ഓടിപോകുന്നതും ചത്ത നായയെ യുവതി വലിച്ചു പുറത്തിടുന്നതും ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്.ഉടമയുടെ പരാതിയില്‍ ബാഗലൂര്‍ പൊലീസ് പുഷ്പലതയെ അറസ്റ്റ് ചെയ്തു. അതേസമയം ഒരുമാസം മുന്‍പ് വീട്ടില്‍ മോഷണം നടത്തിയത് ഉടമ കണ്ടെത്തിയിരുന്നു. ഇതിന്റെ വിരോധം മിണ്ടാപ്രാണിയോടു തീര്‍ത്തെന്നാണു ഫ്ലാറ്റ് ഉടമ പറയുന്നത്