TOPICS COVERED

സുഹൃത്തിനൊപ്പം കാറിൽ സംസാരിച്ചിരിക്കുകയായിരുന്ന കോളജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ 3 പേരെ തമിഴ്നാട് പൊലീസ് വെടിവെച്ചിട്ടു. തവസി, കാർത്തിക്, കാളീശ്വരൻ എന്നിവരെയാണ് ഏറ്റുമുട്ടലിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ നഗരത്തിലാണ് ഒന്നാംവർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയെ മൂന്നംഗ സംഘം ഭീഷണിപ്പെടുത്തി, ആക്രമിച്ചു പീഡിപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ വെട്ടിപ്പരുക്കേൽപിക്കുകയും ചെയ്തു.

ഞായറാഴ്ച രാത്രി 11 മണിയോടെ നടന്ന സംഭവം പുറത്തറിഞ്ഞതു തിങ്കളാഴ്ച പുലർച്ചെയാണ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളായ മധുര സ്വദേശിനിയായ 20 വയസ്സുകാരിയും ഒണ്ടിപുതൂരിൽ മൊബൈൽ ഷോപ്പ് ഉടമയായ 25 വയസ്സുകാരനും രാത്രി കാറിൽ വിമാനത്താവള റൺവേയ്ക്ക് സമീപത്തെ വൃന്ദാവൻ നഗർ കഴിഞ്ഞുള്ള സ്ഥലത്ത് സംസാരിച്ചിരിക്കുമ്പോഴായിരുന്നു സംഭവം. 11 മണിയോടെ മദ്യലഹരിയിലെത്തിയ 3 യുവാക്കൾ ഇരുവരെയും ഭീഷണിപ്പെടുത്തി. കാറിന്റെ ചില്ലുകൾ തകർത്ത് യുവാവിനെ തലയിലും ദേഹത്തുമായി പത്തോളം സ്ഥലങ്ങളിൽ വെട്ടിപ്പരുക്കേൽപിച്ചു. അബോധാവസ്ഥയിലായ യുവാവിനെ ഉപേക്ഷിച്ച ശേഷം കാറിനുള്ളിൽ നിന്നു യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു,

രാത്രി വൈകി ബോധം തെളിഞ്ഞ യുവാവ് ഫോണിൽ പൊലീസുമായി ബന്ധപ്പെട്ട് രക്ഷപ്പെടുത്താൻ അഭ്യർഥിക്കുകയായിരുന്നു. സിഗ്നൽ കണ്ടെത്തി സ്ഥലത്തെത്തിയ പൊലീസ് അവശനായ യുവാവിനെ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കൂടുതൽ പൊലീസ് സ്ഥലത്തെത്തി രണ്ടു മണിക്കൂറോളം തിരച്ചിൽ നടത്തിയാണ് റെയിൽവേ ട്രാക്കിനോടു ചേർന്ന കുറ്റിക്കാട്ടിൽ യുവതിയെ വിവസ്ത്രയായി കണ്ടെത്തിയത്. 

ENGLISH SUMMARY:

Coimbatore Rape Case: A college student was brutally gang-raped in Coimbatore, leading to a police encounter. Three suspects were shot and arrested following the heinous crime.