ai image
കല്യാണം കഴിക്കാൻ നിർബന്ധിച്ചതിന്‍റെ പേരില്‍ കാമുകിയെ കാമുകൻ കുത്തി കൊലപ്പെടുത്തി. നോർത്ത് ബെംഗളൂരുവിലെ കെ ജി ഹള്ളിയിൽ പിള്ളന ഗാർഡന് സമീപമാണ് സംഭവം. നാൽപ്പതുവയസ്സുകാരിയെ കുത്തി കൊലപ്പെടുത്തി കേസിൽ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്നും കല്യാണം കഴിക്കാൻ സ്ത്രീ തുടർച്ചയായി നിർബന്ധിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
വിവാഹമോചിതയായ സ്ത്രീ 43 വയസ്സുകാരനും വിവാഹിതനുമായ പ്രതിയുമായി പ്രണയത്തിലായിരുന്നു. ഇരുവരും രഹസ്യമായി കണ്ടുമുട്ടിയിരുന്നു. എന്നാൽ പ്രതിയോട് ഭാര്യയെ ഉപേക്ഷിച്ച് തന്നെ കല്യാണം കഴിക്കാൻ സ്ത്രീ നിരന്തരമായി നിർബന്ധിച്ചുകൊണ്ടിരുന്നു. എന്നാൽ ഇതിന് വഴങ്ങാതെ വന്നതോടെ തർക്കമായി. വെള്ളിയാഴ്ച പ്രതി സ്ത്രീയെ പിള്ളന ഗാർഡനിലേക്ക് ക്ഷണിക്കുകയായി. സംസാരിക്കുന്നതിനിടയിൽ തർക്കമുണ്ടാകുകയും ഇയാൾ കത്തി ഉപയോഗിച്ച് സ്ത്രീയെ കുത്തുകയായിരുന്നു. നാട്ടുകാർ ചേർന്ന് സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.