ടെലിവിഷൻ അഭിനേത്രിക്ക് അശ്ലീല മെസേജുകളും ദൃശ്യങ്ങളും അയച്ച മലയാളി യുവാവ് ബെംഗളൂരുവില്‍ അറസ്റ്റില്‍. ബെംഗളൂരുവിലെ ഒരു റിക്രൂട്ട്മെന്റ് ഏജൻസിയിൽ ഡെലിവറി മാനേജരായി ജോലിചെയ്യുന്ന നവീന്‍ കെ.മോനാണ് അറസ്റ്റിലായത്. തെലുങ്ക്, കന്നഡ ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കുന്ന 41കാരിക്കാണ് ദുരനുഭവം. മൂന്നുമാസത്തോളമാണ് യുവാവ് ഈ അതിക്രമം തുടര്‍ന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതി നിലവില്‍ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
മൂന്ന് മാസം മുമ്പ് ഫെയ്സ്ബുക്കില്‍ 'നവീൻസ്' എന്ന ഉപയോക്താവിൽ നിന്ന് യുവതിക്ക് ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചിരുന്നു. അവിടെ നിന്നാണ് തുടക്കം. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും അയാള്‍ ദിവസവും മെസഞ്ചർ വഴി അശ്ലീല സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങി. തുടര്‍ന്ന് യുവതി അയാളെ ബ്ലോക്ക് ചെയ്തു. എന്നാല്‍ വീണ്ടും വീണ്ടും പുതിയ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് ഇയാള്‍ താരത്തെ ഉപദ്രവിക്കുകയായിരുന്നു. പലവട്ടം ബ്ലോക്ക് ചെയ്തിട്ടും ഇയാള്‍ വീണ്ടും പുതിയ ഐഡി നിര്‍മ്മിച്ച് അശ്ലീല സന്ദേശങ്ങളും സ്വകാര്യ ഭാഗങ്ങളുടെ വിഡിയോകളും അയച്ചതായി നടിയുടെ പരാതിയില്‍ പറയുന്നുണ്ട്.
നവംബർ 1 ന് ഇയാള്‍ വീണ്ടും യുവതിക്ക് മെസ്സേജ് അയച്ചു. പിന്നാലെ നേരിട്ട് കാണണമെന്ന് യുവതി ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് എല്ലാം അവസാനിപ്പിക്കാന്‍ യുവതി ഇയാളെ നേരില്‍കണ്ട് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അത് അവഗണിച്ചും അയാള്‍ ഉപദ്രവം തുടര്‍ന്നപ്പോള്‍ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ ലൈംഗിക അതിക്രമത്തിനും ഓൺലൈൻ വഴിയുള്ള അതിക്രമത്തിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.