ഇടുക്കി മൂന്നാറിൽ വിനോദസഞ്ചാരത്തിന് എത്തിയ യുവതിയെ ഭീഷണിപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. മൂന്നാറിലെ ടാക്സി ഡ്രൈവർമാരായ വിനായകൻ, വിജയകുമാറെന്നിവരാണ് പിടിയിലായത്. യുവതി സഞ്ചരിച്ച ഊബർ ടാക്സി തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തിയിട്ടും നടപടി എടുക്കാതിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. യുവതിയുടെ പരാതി മനോരമ ന്യൂസ് വാർത്തയാക്കിയതോടെയാണ് നടപടി.
മുംബൈ സ്വദേശിനിയായ ജാൻവി കഴിഞ്ഞ വ്യാഴഴ്ച്ചയാണ് യൂബർ ടാക്സിയിൽ മൂന്നാറിലെത്തിയത്. വിനായകനും വിജയകുമാറും ഉൾപ്പെടുന്ന ടാക്സി ഡ്രൈവർമാരുടെ സംഘം വാഹനം പിന്തുടർന്ന് തടയുകയായിരുന്നു. മൂന്നാറിലൂടെ യൂബർ ടാക്സിയിൽ സഞ്ചരിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതോടെ യുവതി പൊലീസിന്റെ സഹായം തേടി. എന്നാൽ സ്ഥലത്തെത്തിയ പൊലീസ് പ്രശ്നം പരിഹരിച്ചില്ലെന്നും മൂന്നാറിലെ ടാക്സിയിൽ സഞ്ചരിക്കാൻ ആവശ്യപ്പെട്ടെന്നും യുവതി സമൂഹ മാധ്യമങ്ങളിലൂടെയാണ് പരാതിപ്പെട്ടത്. യുവതിക്കുണ്ടായ അനുഭവം ദൗർഭാഗ്യകരമാണെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു
യുവതിക്ക് സഹായം ചെയ്യാതിരുന്ന മൂന്നാർ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ജോർജ് കുര്യൻ, എ എസ് ഐ സാജു പൗലോസ് എന്നിവരെയാണ് ജില്ല പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. യുവതിയെ ഭീഷണിപ്പെടുത്തിയ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നും ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയെന്നും മൂന്നാർ പൊലീസ് അറിയിച്ചു