അറസ്റ്റിലായ ഗുരുദത്ത് ലാവണ്ടെ | Image: facebook.com/gurudat.lawande

TOPICS COVERED

വാടകയ്‌ക്കെടുത്ത എസ്‌യുവിയുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 19 കാരനെ മര്‍ദിച്ച് കൊന്ന് കാറുടമ. ഉത്തർപ്രദേശ് സ്വദേശിയായ കപിൽ ചൗധരിയാണ് കൊല്ലപ്പെട്ടത്. ഗോവയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ എസ്‌യുവിയുടെ ഉടമ ഗുരുദത്തിനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ഗുരുദത്ത് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

വെള്ളിയാഴ്ച രാത്രിയോടെയാണ് ഗോവ പൊലീസിന്, തിവിമിലെ റോഡരികിലെ കുറ്റിക്കാട്ടില്‍ ഒരു യുവാവിന്‍റെ മൃതദേഹം കിടക്കുന്നതായി സന്ദേശം ലഭിക്കുന്നത്. മുഖത്തും കൈകളിലും മുറിവുകളുണ്ടായിരുന്നു. പൊലീസ് എത്തി മൃതദേഹം മാപുസയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. യുവാവിന്‍റെ പോക്കറ്റില്‍ നിന്നും ദീപക് താക്കൂർ എന്ന് പേരില്‍ പാൻ കാർഡ് കണ്ടെത്തിയിരുന്നു. കൂടാതെ ഒരു ഒഴിഞ്ഞ മദ്യകുപ്പിയും പൊലീസ് കണ്ടെത്തി.

യുവാവിനെ കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് യുപി, ഹത്രാസ് സ്വദേശിയായ ശ്രീനിവാസ് സിങ് തന്‍റെ മകന്‍ കപില്‍ ചൗധരിയെ കാണാനില്ലെന്ന പരാതിയുമായി രംഗത്തെത്തുന്നത്. മകൻ ഗോവയിലേക്ക് പോയതാണെന്നും മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും വിവരമൊന്നുമില്ലെന്നുമായിരുന്നു പരാതി. മകന്‍റെ അവസാന ലൊക്കേഷന്‍ ഗോവയിലെ തിവിമിലാണെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞിരുന്നു. ശ്രീനിവാസ് സിങ് നല്‍കിയ വിവരണം തിവിമില്‍ കണ്ടെടുത്ത മൃതദേഹവുമായി പൊരുത്തപ്പെടുന്നതിനാല്‍ അദ്ദേഹത്തെ സ്ഥലത്തെത്തിക്കുകയും മരിച്ചത് തന്‍റെ മകനാണെന്ന് ശ്രീനിവാസ് തിരിച്ചറിയുകയും ചെയ്തു. പിന്നാലെ അദ്ദേഹത്തിന്‍റെ പരാതിയില്‍ പൊലീസ് കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മരിച്ചത് കപിൽ ചൗധരിയാണെന്ന് തിരിച്ചറിഞ്ഞതോടെ യുവാവിന്‍റെ പോക്കറ്റില്‍ നിന്നും ലഭിച്ച ദീപക് താക്കൂർ എന്ന പേരിലുള്ള പാന്‍ കാര്‍ഡ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. വ്യാഴാഴ്ച ഈ വ്യാജ പാന്‍ കാര്‍ഡ് ഉപയോഗിച്ച് കപിൽ ഗുരുദത്ത് ലാവണ്ടെ എന്ന 31 വയസുകാരനില്‍ നിന്നും ഒരു മഹീന്ദ്ര ഥാര്‍ വാടകയ്‌ക്കെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. തുടര്‍ന്ന് അതിര്‍ത്തി കടക്കുകയായിരുന്നു.

എന്നാല്‍ കാറിലെ ട്രാക്കർ വഴി തന്റെ കാർ ഗോവ അതിർത്തി കടന്ന് മഹാരാഷ്ട്രയിലെ ബന്ദയിലേക്ക് പോകുകയാണെന്ന് കണ്ടെത്തിയ ഗുരുദത്ത് സുഹൃത്തുക്കളായ ഡെയ്‌സൺ ആഗ്നെലോ കൗട്ടീഞ്ഞോ (31), സൂരജ് (21) എന്നിവര്‍ക്കൊപ്പം മഹാരാഷ്ട്രയിലേക്ക് തിരിച്ചു. മഹാരാഷ്ട്രയിലെ കങ്കാവലിയിൽ വെച്ച് മൂവരും ചേര്‍ന്ന് കപിലിനെ കണ്ടെത്തുകയും തിവിമിലെത്തിച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം രാത്രിയോടെ പരിക്കേറ്റ നിലയിൽ യുവാവിനെ ഒരു കുന്നിൻ പ്രദേശത്തെ റോഡരികിൽ ഉപേക്ഷിച്ചു. യുവാവ് മദ്യപിച്ചിട്ടുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ മദ്യക്കുപ്പി വാങ്ങി പോക്കറ്റില്‍ വച്ച് സംഘം കടന്നുകളയുകയായിരുന്നു.

ENGLISH SUMMARY:

Kapil Chaudhary (19) from Uttar Pradesh was murdered in Goa by the owner of a Mahindra Thar SUV, Gurudutt Lavande, and two accomplices, after he rented the car using a fake PAN card and drove it across the border into Maharashtra. Gurudutt tracked the vehicle and, along with his friends, abducted Kapil, brought him back to Tivim, assaulted and killed him, and then dumped his body with a liquor bottle to stage the scene. All three accused have been arrested.