ഇടുക്കി അണക്കരയിൽ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ച് മോഷണം. ശിവപാർവതി ക്ഷേത്രത്തിലെയും കുങ്കിരിപ്പെട്ടി സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിലെയും കാണിക്ക വഞ്ചികളാണ് തകർത്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
ഇന്ന് പുലർച്ചയോടെയാണ് അണക്കര ടൗൺ കേന്ദ്രീകരിച്ച് മോഷണം നടന്നത്. കുങ്കിരിപ്പെട്ടി ഓർത്തഡോക്സ് പള്ളിയുടെയും സമീപത്തുള്ള ശിവക്ഷേത്രത്തിന്റെയും കാണിക്ക വഞ്ചികൾ തകർത്ത് പണം കവരുകയായിരുന്നു. രാവിലെ ടൗണിൽ എത്തിയ വ്യാപാരികളാണ് കാണിക്കവഞ്ചികൾ തകർന്നത് ആദ്യം കണ്ടത്. തുടർന്ന് ക്ഷേത്രം - പള്ളി ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് ടൗണിലെ വിവിധയിടങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പൊലീസ് പട്രോളിങ്ങും, നൈറ്റ് വാച്ചറുമുള്ള ടൗണിന്റെ ഹൃദയഭാഗത്ത് മോഷണം നടന്നതിന്റെ ഞെട്ടലിലാണ് വ്യാപാരികളും നാട്ടുകാരും.