തിരുവനന്തപുരം നേമത്ത് മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്തു കൊന്നു. കല്ലിയൂര്‍ സ്വദേശിനിയും കമ്മിഷണര്‍ ഒാഫീസ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥയുമായ വിജയകുമാരി അമ്മയാണ് മകൻ അജയകുമാറിന്‍റെ കൊലക്കത്തിക്കിരയായത്. മദ്യലഹരിയിൽ ആയിരുന്ന മകൻ വീണ്ടും മദ്യപിക്കാൻ ശ്രമിച്ചതിനെ അമ്മ എതിർത്തതാണ് പ്രകോപനം.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. റിട്ടയേര്‍ഡ് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനായ അജയകുമാർ മദ്യത്തിന് അടിമയായിരുന്നു. അന്‍പത്തഞ്ചുകാരനായ ഇയാള്‍ മിലിറ്ററി ക്വോട്ടയിൽ ലഭിക്കുന്ന 10 കുപ്പി മദ്യം വാങ്ങി സൂക്ഷിച്ചിരുന്നു.
ഒരു കുപ്പി കുടിച്ചു തീർത്ത് ലക്കുകെട്ട അജയകുമാര്‍ രാത്രി വീണ്ടും മദ്യപിക്കാൻ ഒരുങ്ങിയപ്പോൾ അമ്മ എതിർത്തു. ആപ്പിൾ മുറിച്ചു കൊണ്ടിരിക്കുകയായിരുന്ന മകൻ പ്രകോപിതനായി അമ്മയെ ആക്രമിക്കുകയായിരുന്നു. അജയകുമാർ കത്തിയെടുത്ത് അമ്മയുടെ വയറ്റിൽ കുത്തി.
കുത്തേറ്റ വിജയകുമാരി പുറത്തേയ്ക്ക് ഒാടിയെങ്കിലും കിണറിന്‍റെ ചുറ്റുമതിലിനോട് ചേര്‍ത്ത് വച്ച് കഴുത്തറുത്തു. അമ്മയുടെ കൈകാലുകളിലെ ഞരമ്പുകളും മുറിച്ച പ്രതി മദ്യമൊഴിച്ച് തീകൊളുത്താനും ശ്രമിച്ചു. നിലവിളി ശബ്ദം കേട്ടെത്തിയ നാട്ടുകാർക്ക് നേരെ ഇയാൾ മദ്യ കുപ്പികൾ എറിഞ്ഞു. ഭീകരാന്തരീക്ഷം സൃഷ്ടിച്ചു നിന്ന അജയകുമാറിനെ പൊലീസെത്തി പിടികൂടുകയായിരുന്നു.