justice-for-athithi-2013-murder-case-new-custody-directive

കോഴിക്കോട് ഏഴുവയസ്സുകാരി അതിദി എസ്.നമ്പൂതിരി കൊല്ലപ്പെട്ട കേസിൽ അച്ഛനും രണ്ടാനമ്മയും വീണ്ടും കസ്റ്റഡിയിൽ. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. അതിദിയുടെ അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരിയെയും രണ്ടാനമ്മ രണ്ടാനമ്മ റംല (ദീപിക അന്തർജ്ജനം)യെയുമാണ് ഇന്നലെ രാത്രി നടക്കാവ് പൊലീസ് രാമനാട്ടുകരയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.

2013-ലാണ് അതിദി ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികില്‍സയിലിരിക്കേ മരിക്കുന്നത്. കുട്ടിയുടെ ദേഹത്ത് പൊള്ളലും മർദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. അച്ഛനും രണ്ടാനമ്മയും ചേർന്ന് മർദിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും നിലപാട്.

എന്നാൽ വിചാരണക്കോടതിയില്‍ കൊലക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം ഞരമ്പിനേറ്റ ക്ഷതമാണ് എന്ന് രേഖപ്പെടുത്തിയിരുന്നു. ഈ ക്ഷതം എങ്ങനെ ഉണ്ടായി എന്ന് തെളിയിക്കാൻ പൊലീസിനോ പ്രോസിക്യൂഷനോ സാധിച്ചില്ല. ഇതുകാരണം പ്രതികൾക്ക് മൂന്നുവർഷം കഠിന തടവ് മാത്രമാണ് കോടതി ശിക്ഷ വിധിച്ചത്.

പ്രതികൾ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയെങ്കിലും, അതിദിയുടെ പിതൃസഹോദരൻ നീതിതേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജി പരിഗണിച്ചാണ് കേസ് പുനഃപരിശോധിക്കുന്നതിന്‍റെ ഭാഗമായി സുബ്രഹ്മണ്യൻ നമ്പൂതിരിയെയും റംലയെയും വീണ്ടും കസ്റ്റഡിയിലെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്. അതിക്രൂരമായ മർദനമേറ്റാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയതെന്ന വസ്തുത നിലനിൽക്കേ, കൊലക്കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.

ENGLISH SUMMARY:

Kozhikode Child Death Case: The father and stepmother of a seven-year-old girl, Adithi S. Namboothiri, have been taken back into custody following High Court directives related to her death in 2013, initiating a reinvestigation into the circumstances surrounding the incident.