ഇടുക്കി ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും തീകൊളുത്തി കൊന്ന അലിയാക്കുന്നേൽ ഹമീദിന്‍റേത് കരുതിക്കൂട്ടിയുള്ള കൊടുംക്രൂരത. കുടുംബവഴക്കിനെ തുടർന്ന് ഹമീദ് മകനായ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്റിൻ, അസ്ന എന്നിവരെ തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. കിടപ്പുമുറി പുറത്തുനിന്ന് പൂട്ടിയ ശേഷമായിരുന്നു ഹമീദ് തീ കൊളുത്തിയത്.
മകന്‍ മുഹമ്മദ് ഫൈസലും ഭാര്യ ഷീബയും മക്കളായ മെഹ്റിനും അസ്നയും ഉറങ്ങി കിടക്കുന്നതിനിടെ മുറി പുറത്തുനിന്ന് പൂട്ടി. തുടര്‍ന്ന് വാട്ടർ ടാങ്കിന്‍റെ കണക്ഷനും വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ജനലിലൂടെ പെട്രോൾ ഒഴിച്ച് തീയിട്ടായിരുന്നു കൊലപാതകം നടത്തിയത്. തീ ആളി പടർന്നതോടെ അണയാതിരിക്കാനായി പെട്രോൾ കുപ്പിയിലാക്കി ജനാലക്കുള്ളിലൂടെ അകത്തേക്ക് എറിഞ്ഞാണ് ഹമീദ് ക്രൂരമായ കുറ്റകൃത്യം നടപ്പിലാക്കിയത്.
മകനുമായുണ്ടായ സാമ്പത്തിക തര്‍ക്കങ്ങളാണ് കൂട്ടക്കൊലയ്ക്ക് നയിച്ചത്. ഫൈസലിന് നല്‍കിയ കടമുറി വിട്ടുകിട്ടണമെന്ന് ഹമീദ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് വിട്ടുനല്‍കാന്‍ മകൻ തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2022 മാർച്ച് 18 പുലർച്ചയാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്.
ബഹളം കേട്ട് അയൽവാസികള്‍ ഓടിക്കൂടിയെങ്കിലും തീ ആളിപ്പടർന്നതിനാൽ ആരെയും രക്ഷിക്കാൻ സാധിച്ചില്ല. കൊലപാതകത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കരിമണ്ണൂരില്‍ ബന്ധുവിന്‍റെ വീട്ടിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യ ഘട്ടത്തിൽ താൻ മകനെയും കുടുംബത്തെയും കൊലപ്പെടുത്തിയില്ലെന്നായിരുന്നു പ്രതിയുടെ വാദം. മകൻ വിൽപ്പനയ്ക്കായി എത്തിച്ച ഡീസലും പെട്രോളും കത്തുകയും ഇതില്‍ നിന്നും അവരെ രക്ഷിക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നായിരുന്നു പ്രതിയുടെ മൊഴി.
എന്നാല്‍ സാക്ഷികളെ അടക്കം നിരത്തിയുള്ള സമഗ്ര അന്വേഷണത്തില്‍ പ്രതി നടത്തിയ കൂട്ടക്കൊലയുടെ വിവരങ്ങൾ പുറത്തു വന്നു. 71 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് കേസില്‍ വാദം പൂർത്തിയായത്. കൂട്ടക്കൊലപാതകത്തിന് അലിയാക്കുന്നേൽ ഹമീദിന് വധശിക്ഷ വിധിച്ച തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി പ്രതി അഞ്ചുലക്ഷംരൂപ പിഴയും അടയ്ക്കണമെന്ന് ഉത്തരവിട്ടു.