ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹത്തിലെ ആഭരണങ്ങൾ മോഷണം പോയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും എങ്ങുമെത്താതെ അന്വേഷണം. കൊല്ലം പുനലൂർ ആശുപത്രിയിലെ മൃതദേഹത്തിലെ ആഭരണങ്ങളാണ് മോഷണം പോയത്. കഴിഞ്ഞ മാസം ഭർത്താവ് കൊലപ്പെടുത്തിയ പുനലൂർ സ്വദേശിനി ശാലിനിയുടെ 20 ഗ്രാം സ്വർണാഭരണങ്ങളാണ് മോഷണം പോയത്.
ആശുപത്രി നഴ്സിംഗ് വിഭാഗം നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. മോർച്ചറിയിലേക്ക് മാറ്റും മുൻപ് മൃതദേഹത്തിലെ ആഭരണങ്ങൾ അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ജീവനക്കാരി കാഷ്വൽറ്റി വിഭാഗത്തിലെ ഇൻജക്ഷൻ റൂമിലെ അലമാരിയിൽ സൂക്ഷിച്ചതായി എഫ്.ഐ.ആറിൽ പറയുന്നു. ഈ മാസം 8-നും 11-നും ഇടയിലാണ് മോഷണം നടന്നത്. ആശുപത്രി ജീവനക്കാരെ പോലും ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല.
തുടങ്ങിയേടത്ത് തന്നെ നിൽക്കുകയാണ് അന്വേഷണം. ഒരു ജോഡി പാദസരം, കമ്മൽ, രണ്ടു മോതിരം എന്നിങ്ങനെ 20 ഗ്രാം ആഭരണങ്ങളാണ് മോഷണം പോയത്. ആശുപത്രിയിൽ നിന്നും അറിയിച്ചതനുസരിച്ച് സ്വർണാഭരണങ്ങൾ ഏറ്റുവാങ്ങാൻ യുവതിയുടെ ബന്ധുക്കൾ ആശുപത്രിയിലെത്തിയപ്പോഴാണ് ആഭരണങ്ങൾ മോഷണം പോയെന്നും പൊലീസിൽ അറിയിച്ചെന്നും അധികൃതർ അറിയിച്ചത്.
കഴിഞ്ഞ മാസം 22-ന് രാവിലെയായിരുന്നു പുനലൂർ കലയനാട് സ്വദേശി ശാലിനിയെ ഭർത്താവ് ഐസക് കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് ഐസക് പിന്നീട് പൊലീസിൽ കീഴടങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്ന് ആഭരണങ്ങൾ മാറ്റി ബന്ധുക്കൾക്ക് കൈമാറണം. അല്ലെങ്കിൽ ആശുപത്രിയിൽ സൂക്ഷിക്കുകയോ പൊലീസിൽ കൈമാറുകയോ വേണമെന്നതാണ് വ്യവസ്ഥ.