Image credit: x/eimuhurte
സുഹൃത്തിനെ കാണാന്‍ പോകാന്‍ ബൈക്ക് ടാക്സിയെ ആശ്രയിച്ച യുവതിയെ ക്രൂരമായി പീഡിപ്പിച്ച് യുവാവ്. ചെന്നൈയിലെ പക്കിക്കാരണൈയിലാണ് സംഭവം. പ്രതി ശിവകുമാറി(22)നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ബൈക്കും പൊലീസ് പിടിച്ചെടുത്തു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കൂട്ടുകാരിയെ കാണാന്‍ പോകുന്നതിനായി യുവതി ബൈക്ക് ടാക്സി ബുക്ക് ചെയ്തത്. ഇതനുസരിച്ച് ശിവകുമാര്‍ സ്ഥലത്തെത്തി. പക്കിക്കാരണൈയിലേക്ക് എത്തിയ യുവതി, താന്‍ ഉടന്‍ തിരികെ വരാമെന്നും കാത്തുനില്‍ക്കൂവെന്നും പറഞ്ഞ ശേഷം സുഹൃത്തിനെ കണ്ട് മടങ്ങിയെത്തി.
യുവതിയെ തിരികെ വീട്ടില്‍ എത്തിക്കുന്നതിന് പകരം ശിവകുമാര്‍ വിജനമായ വഴിയിലേക്ക് ബൈക്കോടിച്ച് പോയി. തുടര്‍ന്ന് ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്ത ശേഷം തിരികെ വീട്ടില്‍ കൊണ്ടാക്കുകയും ചെയ്തു. വീട്ടിലെത്തിയ യുവതി നടുക്കത്തോടെ ഭര്‍ത്താവിനോട് സംഭവിച്ചതെല്ലാം പറഞ്ഞു. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ സംഭവം വാസ്തവമെന്ന് തെളിയുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
സമീപകാലത്തായി തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ച് വരികയാണെന്നും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മതിയായ നടപടി സ്വീകരിക്കണമെന്നും വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. ബൈക്ക് ടാക്സികളടക്കമുള്ളവയില്‍ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിന് നിയമം കൊണ്ടുവരണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഡിഎംകെ ഭരണത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്നും ക്രമസമാധാന നില കാക്കുന്നതില്‍ പരാജയമാണെന്നും പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.