ഡൽഹിയിൽ ബിരുദ വിദ്യാർഥിനിക്കെതിരായ ആസിഡ് ആക്രമണത്തിൽ ട്വിസ്റ്റ്. ആസിഡ് ആക്രമണം നാടകമായിരുന്നുവെന്നും വിദ്യാര്‍ഥിനിയുടെ പിതാവ് ബലാല്‍സംഗം ചെയ്തു എന്നുമാണ് പുതിയ ആരോപണം. വിദ്യാർഥിനിയുടെ പിതാവ് കസ്റ്റഡിയിലാണ്. ആസിഡ് ആക്രമണം നാടകമെന്നും യുവാവിനെ കേസിൽപ്പെടുത്താൻ ചെയ്തതെന്നുമാണ് പിതാവിന്‍റെ മൊഴി. പെൺകുട്ടിക്കെതിരെയും പൊലീസ് കേസെടുക്കും.
വിദ്യാർഥിനിയുടെ പിതാവ് ബലാത്സംഗം ചെയ്തതായാണ് ആസിഡ് ആക്രമണം നടത്തിയ മുഖ്യപ്രതി ജിതേന്ദറിന്‍റെ ഭാര്യയുടെ ആരോപണം. ഈ പ്രതികാരത്തിനാണ് ആസിഡ് ആക്രമണം നടത്തിയതെന്നും അക്രമിയുടെ ഭാര്യ ഒരു ഹിന്ദി മാധ്യമത്തോട് വെളിപ്പെടുത്തി. ഇവരും പൊലീസിൽ പരാതി നൽകി. നഗ്ന ചിത്രങ്ങൾ ഫോണിൽ അയച്ചു കൊടുത്തുവെന്നും പരാതിയിൽ പറയുന്നു. കേസിലെ മൂന്ന് പ്രതികളും ഒളിവിലാണ്. അതേസമയം, ആസിഡ് ആക്രമണം നേരിട്ട പെൺകുട്ടി ആശുപത്രിയിൽ ചികിൽസയിലാണ്. കൈകളിലും വയറിലും പൊള്ളലേറ്റ പെൺകുട്ടിയുടെ നില ഗുരുതരമല്ല.
കഴിഞ്ഞദിവസമാണ് ഡൽഹി അശോക് വിഹാറിലെ ലക്ഷ്മിഭായ് കോളേജിന് സമീപം 20-കാരിക്ക് നേരേ ആസിഡ് ആക്രമണമുണ്ടായത്. മൂന്നംഗസംഘമാണ് ആസിഡ് ആക്രമണം നടത്തിയതെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. മുഖത്തേക്ക് ആസിഡൊഴിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടിയുടെ കൈകളിൽ ആസിഡ് വീണ് പൊള്ളലേൽക്കുകയുംചെയ്തിരുന്നു. സാരമായി പരിക്കേറ്റ പെൺകുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
കേസിലെ മുഖ്യപ്രതിയും കൂട്ടുപ്രതികളായ ഇഷാൻ, അർമാൻ എന്നിവരും സംഭവത്തിന് പിന്നാലെ ഒളിവിൽപോയിരുന്നു. ഇവർക്കായി അന്വേഷണം തുടരുന്നതിനിടെയാണ് മുഖ്യപ്രതിയുടെ ഭാര്യ പീഡനപരാതിയുമായി പോലീസിനെ സമീപിച്ചത്.