കാമുകിക്കു മറ്റൊരു ബന്ധമുണ്ടെന്നു സംശയം. വിളിച്ചുവരുത്തി തലക്കടിച്ചു കൊന്നശേഷം മൃതദേഹം ഓട്ടോറിക്ഷയില്‍ ഒളിപ്പിച്ചു. ബെംഗളൂരു തിലക് നഗറിലാണു സംഭവം. കാമുകനും കൂട്ടാളിയും പിടിയിലായി. തിലക് നഗര്‍ പൊലീസ് സ്റ്റേഷനു സമീപം റോഡരികില്‍ ഉപേക്ഷിച്ച ഓട്ടോറിക്ഷയിലാണു യുവതിയുടെ മൃതദേഹം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വൈകാതെ സമീപത്തെ ചേരിയില്‍ താമസിക്കുന്ന 34കാരി സെല്‍മയാണു മരിച്ചതെന്നു തിരിച്ചറിഞ്ഞു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പ്രണയവും സംശയരോഗവുമാണു ക്രൂരതയ്ക്കു പിന്നിലെന്നു തെളിഞ്ഞത്.
ഭര്‍ത്താവ് മരിച്ച സല്‍മ ഇതേ ചേരിയിലെ സുബ്രഹ്മണ്യയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ സല്‍മയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു സുബ്രഹ്മണ്യ. കഴിഞ്ഞദിവസം രാത്രി സുബ്രഹ്മണ്യയും സുഹൃത്ത് സെന്തിലും സെല്‍മയെ വീട്ടിലേക്കു വിളിച്ചുവരുത്തി. മദ്യപിക്കുന്നതിനിടെ സെല്‍മയുടെ ഫോണില്‍ വന്ന കോളിനെ ചൊല്ലി തര്‍ക്കമായി. ഒടുവില്‍ മരത്തടിക്കൊണ്ട് തലക്കടിച്ചു കൊല്ലുകയായിരുന്നു.
പുലര്‍ച്ചെ മൃതദേഹം ബ്ലാങ്കറ്റില്‍ പൊതിഞ്ഞു ഓട്ടോറിക്ഷയില്‍ ഉപേക്ഷിച്ചു രക്ഷപെട്ടു. ഒരുപകല്‍ മുഴുവന്‍ ഓട്ടോറിക്ഷയില്‍ കിടന്നശേഷമാണ് സമീപത്തുള്ളവരുടെ ശ്രദ്ധയില്‍പെട്ടത്.