തിരുവനന്തപുരം ജവഹര്‍ നഗറിലെ വന്‍ ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യകണ്ണിയായ വ്യവസായി അറസ്റ്റില്‍. കോണ്‍ഗ്രസ് നേതാവ് ആറ്റുകാല്‍ മണികണ്ഠന്‍ ഉള്‍പ്പെടുന്ന കേസിലാണ് ഒളിവിലായിരുന്ന അനില്‍ തമ്പി അറസ്റ്റിലായത്. ഇതോടെ കേസിലെ എല്ലാപ്രതികളും പിടിയിലായി.
തലസ്ഥാന നഗരത്തില്‍ ഭൂമിക്ക് ഏറ്റവും വിലയേറിയ സ്ഥലങ്ങളിലൊന്നാണ് ജവഹര്‍ നഗര്‍. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മലയാളികളുടെ കോടികള്‍ വിലമതിക്കുന്ന ഭൂമിയും വീടുമാണ് ആള്‍മാറാട്ടം നടത്തി തട്ടിയെടുത്തത്. കോണ്‍ഗ്രസ് നേതാവായ ആറ്റുകാല്‍ മണികണ്ഠന്‍റെ നേതൃത്വത്തിലെ തട്ടിപ്പിന്‍റെ മുഖ്യകണ്ണിയായിരുന്നു അനില്‍ തമ്പി. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ അനിലിനെ ഇന്നലെ വൈകിട്ട് ചെന്നൈയില്‍ നിന്നാണ് മ്യൂസിയം പൊലീസും ഷാഡോ സംഘവും ചേര്‍ന്ന് പിടികൂടിയത്.
അമേരിക്കന്‍ മലയാളിയായ ഡോറയുടെ ഭൂമി അവരുടെ വളര്‍ത്തുമകളെന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയായിരുന്നു തട്ടിപ്പ്. വളര്‍ത്തുമകള്‍ക്ക് ഇഷ്ടദാനം നല്‍കുന്നതായി വ്യാജരേഖയുണ്ടാക്കിയ ശേഷം ഭൂമിയും വീടും അനില്‍ തമ്പിയുടെ ബന്ധുവിന്‍റെ പേരിലേക്ക് മാറ്റുകയായിരുന്നു. തട്ടിയെടുത്ത വീടിന് സമീപമാണ് അനിലും താമസിക്കുന്നത്.ഈ വീട്ടിലേക്ക് ആരും വരുന്നില്ലായെന്ന് കണ്ടാണ് അനിലും കോണ്‍ഗ്രസ് നേതാവും മണികണ്ഠനും ചേര്‍ന്ന് തട്ടിപ്പ് ആസൂത്രണം ചെയ്തത്. അനിലിന്‍റെ അറസ്റ്റോടെ കേസിലെ പ്രതികളെല്ലാം പിടിയിലായതായി പൊലീസ് പറഞ്ഞു. ഉടന്‍ കുറ്റപത്രം നല്‍കും.