ആലുവയില്‍ ആള് കയറും മുന്‍പ് ബസെടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചത് കൂട്ടത്തല്ലില്‍. കൊച്ചിയില്‍ നിന്ന് ആലുവയിലേക്ക് സര്‍വീസ് നടത്തുന്ന ബസില്‍ ഈ മാസം പതിനെട്ടിനായിരുന്നു സംഭവം. സ്റ്റോപ്പില്‍ നിന്ന് ആളെ കയറ്റുന്നതിനിടെ ഡ്രൈവര്‍ ബസെടുത്തു. രണ്ട് സ്ത്രീകള്‍ ബസിന്‍റെ പുറകിലെ വാതിലില്‍കൂടി പ്രവേശിക്കുന്നതിനിടെയാണ് ഡ്രൈവര്‍ ബസെടുത്തത്. ഒരാള്‍ ചവിട്ടുപടിയിലും ഒരു യാത്രക്കാരി പുറകിലെ സീറ്റിലേക്കും വീണു. ആള് കയറാനുണ്ടെന്ന് യാത്രക്കാരി ഉച്ചത്തില്‍ വിളിച്ച് പറഞ്ഞെങ്കിലും ഡ്രൈവര്‍ ബസ് നിര്‍ത്താന്‍ തയാറായില്ല. ഇത് ചോദ്യം ചെയ്ത് യാത്രക്കാരി ഡ്രൈവര്‍ സീറ്റിന് സമീപമെത്തി തര്‍ക്കിച്ചു. ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ കയ്യാങ്കളിയായി.
ഡ്രൈവര്‍ സീറ്റിന് മറുവശത്തുള്ള സീറ്റിലിരുന്ന വീട്ടമ്മ പിന്നീട് ആരെയോ ഫോണില്‍ വിളിച്ചു. ബസ് ആലുവ കമ്പനിപ്പടി സ്റ്റോപ്പിലെത്തിയതോടെ മൂന്ന് യുവാക്കള്‍ ബസിലേക്ക് ഓടിക്കയറി. ആദ്യം കയ്യില്‍ കിട്ടിയ കണ്ടക്ടറെ ക്രൂരമായി മര്‍ദിച്ചു. യാത്രക്കാരിയെ ആക്രമിച്ച് ചോദ്യം ചെയ്തുകൊണ്ടായിരുന്നു ആക്രമണം. കണ്ടക്ടറെ മുന്നിലിട്ട് യുവാക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നതിനിടെ തന്നെ ആക്രമിച്ചത് ഡ്രൈവറാണെന്ന് യാത്രക്കാരി പറഞ്ഞു. ഇതോടെ യുവാക്കളെ ഡ്രൈവറെയും മര്‍ദിച്ചു. കൂട്ടത്തല്ലായതോടെ ബസ് നടുറോഡില്‍ നിര്‍ത്തിയിട്ടു. യാത്രക്കാരെയെല്ലാം യുവാക്കള്‍ ഇറക്കിവിട്ടു. നേരത്തെ ഡ്രൈവറുടെ നടപടിയെ ചോദ്യം ചെയ്ത യാത്രക്കാരിയുടെ മകനും സുഹൃത്തുക്കളുമാണ് അതിക്രമം നടത്തിയതെന്നാണ് പൊലീസ് പങ്കുവെയ്കുന്ന വിവരം. അതിക്രമത്തില്‍ ബസ് ജീവനക്കാരും യാത്രക്കാരിയും പരാതി നല്‍കി.