തൃശൂര്‍ മണ്ണുത്തി ദേശീയപാതയില്‍ ബസ് ഉടമയെ ആക്രമിച്ച് 75 ലക്ഷം രൂപ കവര്‍ന്നു. അറ്റ്ലസ് ട്രാവല്‍സ് ഉടമ എടപ്പാള്‍ സ്വദേശി മുബാരക്കിന്‍റെ പണമാണ് നഷ്ടമായത് .  കാറില്‍ എത്തിയ നാലംഗ കവര്‍ച്ചാ സംഘമാണ്  പണം തട്ടിയത്.  ഇവരെ കണ്ടെത്താന്‍ പൊലീസ്  അന്വേഷണം ആരംഭിച്ചു.

ബസ് വിറ്റുകിട്ടയ പണവുമായാണ് മുബാരക്ക് ബെംഗളുരുവില്‍ നിന്ന്  മണ്ണുത്തിയില്‍ ബസിറങ്ങിയത്. തുടര്‍ന്ന് തൊട്ടടുത്ത  മെഡിക്കല്‍ സ്റ്റോറില്‍ കയറി ബാഗ് അവിടെ വച്ചു. മെഡിക്കല്‍ സ്റ്റോര്‍ ഉടമയോട് ബാഗിന്‍റെ കാര്യം പറഞ്ഞശേഷം തൊട്ടടുത്ത ശുചിമുറിയില്‍ കയറി. തിരിച്ചുവരുമ്പോള്‍ ബാഗുമായി ഒരാള്‍ കാറില്‍ കയറുന്നതാണ് മുബാരക്ക് കാണുന്നത്.  പിന്നാലെയെത്തി അയാളെ തടയാന്‍ ശ്രമിച്ചപ്പോള്‍ മൂന്നുപേര്‍ ഇറങ്ങി ആക്രമിക്കുകയായിരുന്നു. സഹായിക്കാനെത്തിയ മെഡിക്കല്‍ സ്റ്റോര്‍  ഉടമയെയും ഇവര്‍ തല്ലി. തുടര്‍ന്ന് ഈ സംഘം കാറില്‍ രക്ഷപ്പെട്ടു.

ചാരനിറത്തിലുള്ള  ഇന്നോവയിലാണ് കവര്‍ച്ചാസംഘമെത്തിയത് . സിസിടിവി അടക്കം പരിശോധിച്ച് ഇവര്‍ എവിടേക്കാണ് നീങ്ങിയതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ്   എ.സി.പി. കെ.ജി.സുരേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം. ബാഗ് കവരുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. 

ENGLISH SUMMARY:

A major robbery took place on the national highway at Mannuthy, Thrissur, where ₹75 lakh was stolen from a bus owner after a violent attack. Police have launched an investigation to trace the four-member gang that arrived in a car. The victim, Mubarak, a native of Edappal and owner of Atlas Travels, had just alighted from a bus arriving from Bengaluru. The stolen money—₹75 lakh—was from the sale of a bus and was kept in a bag.