തിരക്കേറിയ എംസി റോഡരികില്‍ പന്തളം ജംക്‌ഷനില്‍ അഞ്ച് കടകളില്‍ ഒറ്റരാത്രി കവര്‍ച്ച. ബേക്കറിയുടെ ഷട്ടര്‍ തകര്‍ത്ത് അകത്തുകയറി 40,000 രൂപ കവര്‍ന്നു. മറ്റ് കടകളിലെ സിസിടിവി ക്യാമറകള്‍ തകര്‍ത്തു. നഗരം ഉറങ്ങും മുന്‍പ് കള്ളന്‍മാര്‍ പരസ്യമായി ഇറങ്ങിയത് പൊലീസിനും നാണക്കേടായി.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് രണ്ട് കള്ളന്‍മാര്‍ വന്നത്. നഗരത്തിലെ ബുഫിയ ബേക്കറിയുടെ മിന്നിലെത്തി പരിസരം നിരീക്ഷിച്ചു. ഈ സമയം നിരന്തരം വാഹനങ്ങള്‍ റോഡില്‍ക്കൂടി പോയിരുന്നു. സമര്‍ഥമായി ബേക്കറിയുടെ ഷട്ടറിന്‍റെ പൂട്ട് തകര്‍ത്ത് നിരങ്ങി അകത്തുകയറി. രണ്ടാമന്‍ പുറത്ത് കാവല്‍ നില്‍ക്കുകയും കാമറ തകര്‍ക്കുകയും ചെയ്തു. അകത്തു കയറി കള്ളന്‍ മേശ വലിപ്പില്‍ നിന്ന് പണം കവര്‍ന്നു. ബേക്കറിയുടെ ക്യാമറ തകര്‍ത്തതില്‍ 20,000രൂപ നഷ്ടമുണ്ട്. രാവിലെയാണ് കവര്‍ച്ചാ വിവരം അറിഞ്ഞത്
ഒരു തുണിക്കടയില്‍ കയറി ചില്ലു വാതിലും തകര്‍ത്തു. ഇവിടെ നിന്ന് ഒന്നും കിട്ടിയില്ല. ഒരു ബുക്ക് സ്റ്റാളടക്കം മറ്റ് രണ്ട് കടകളില്‍ കൂടി കയറി. ഒന്നും കിട്ടിയില്ലെങ്കിലും കാമറകള്‍ തകര്‍ത്തു. സ്ഥിരം പൊലീസ് പട്രോളിങ്ങും ഉള്ള എംസി റോഡരുകിലാണ് പരസ്യമായി കള്ളന്‍മാര്‍ ഇറങ്ങിയത്. കള്ളന്‍മാരില്‍ ഒരാള്‍ പെട്ടി ഓട്ടോറിക്ഷ ഡ്രൈവര്‍ ആണെന്ന് കരുതുന്നു. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.