കോതമംഗലത്ത് പറമ്പില്‍ പാമ്പ് കയറിയെന്ന് പറഞ്ഞുപറ്റിച്ച് എണ്‍പതുകാരിയുടെ മാല പൊട്ടിച്ചു. പുതുപ്പാടി സ്വദേശിനി വാഴാട്ടിൽ ഏലിയാമ്മയുടെ ഒന്നരപവന്‍റെ മാലയാണ് യുവാവ് കവര്‍ന്നത്. വൈകീട്ട് അഞ്ച്മണിയോടെ പാമ്പ് കയറിയെന്ന് പറഞ്ഞാണ് യുവാവ് വീട്ടിലെത്തുന്നത്. പറമ്പിലേക്ക് കൈചൂണ്ടിക്കാട്ടിയതോടെ ഏലിയാമ്മ ഇത് നോക്കാനായി പുറത്തിറങ്ങി.
കൈചൂണ്ടിയ സ്ഥലത്ത് പാമ്പിനെ തിരയുന്നതിനിടെ യുവാവ് ഏലിയാമ്മയുടെ കഴുത്തിലെ മാല പൊട്ടിച്ച് ഓടുകയായിരുന്നു. പരിസരത്ത് മറ്റാരുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു കവര്‍ച്ചയെന്ന ദൃശ്യങ്ങളില്‍ വ്യക്തം. ഓടുന്നതിനിടെ കയ്യില്‍ നിന്ന് മാല ചാടിപോയെങ്കിലും യുവാവ് നിലത്ത് നിന്ന് അതെടുത്ത് രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
നിലത്തുവീണ ഏലിയാമ്മയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടു. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പൊലീസ് ഒരു ഇതരസംസ്ഥാന തൊഴിലാളിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാലയുമായി രക്ഷപ്പെടാന്‍ മറ്റൊരാളുടെ കൂടി സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.