കൊല്ലം കടയ്ക്കലിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ മധ്യവയസ്കൻ അടിയേറ്റ് മരിച്ചു. കടയ്ക്കൽ തൃക്കണ്ണാപുരം സ്വദേശി ശശിയാണ് മരിച്ചത്. പ്രതി രാജു ഒളിവിലാണ്. ഇന്നലെ രാത്രിയായിരുന്നു വാക്ക് തർക്കം സംഘർഷത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും മാറിയത് .
ഇന്നലെ വൈകിട്ട് ശശിയും രാജുവും ഒരുമിച്ച് മദ്യപിച്ചു. മദ്യപാനത്തിനിടെ തർക്കമുണ്ടായി. കമ്പ് ഉപയോഗിച്ച് രാജു ശശിയുടെ തലയ്ക്ക് അടിച്ചു. അടിയേറ്റ് നിലത്ത് വീണ ശശിയുടെ തല രാജു വീണ്ടും റോഡിൽ അടിച്ചു. രക്തം വാർന്ന് കിടന്ന ശശിയെ ഉപേക്ഷിച്ച് രാജു രക്ഷപ്പെട്ടു. റോഡിൽ അവശനിലയിൽ കിടന്ന ശശിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശശിയുടെ പരുക്ക് ഗുരുതരമായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ ജീവൻ നഷ്ടമായി. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. കടയ്ക്കൽ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കെട്ടിട നിർമാണ തൊഴിലാളിയാണ് പ്രതി രാജു. നിർമാണ ത്തൊഴിലാളിയാണ് മരിച്ച ശശിയും.