കുപ്രസിദ്ധ മോഷ്ടാവും കൊടും ക്രിമിനലുമായ കൊടിമരം ജോസ് കൊച്ചി നോര്‍ത്ത് പൊലീസിന്‍റെ പിടിയില്‍. യാത്രക്കാരനെ ആക്രമിച്ച് പണവും മൊബൈലും കവര്‍ന്നകേസില്‍ ഒളിവിലായിരുന്ന ജോസിനെ തൃശൂരില്‍ നിന്നാണ് പിടികൂടിയത്. വധശ്രമം, കൊള്ള, പിടിച്ചുപറിയടക്കം ഇരുപതിലേറെ കേസുകളില്‍ പ്രതിയാണ് ജോസ്.
രണ്ട് മാസം മുന്‍പ് നോര്‍ത്ത് പാലത്തിന് മുകളില്‍ വെച്ചാണ് ജോസ് യാത്രക്കാരനെ ആക്രമിച്ച് മൊബൈലും പതിനായിരം രൂപയും കവര്‍ന്നത്. ആക്രമിച്ച ശേഷം യാത്രക്കാരനെ താഴെയുള്ള റെയില്‍വെ ട്രാക്കിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി അവിടെ വെച്ചും ക്രൂരമായി ആക്രമിച്ചു. തെളിവെടുപ്പിനെത്തിച്ചപ്പോളും ജോസിന് കൂസലില്ല. പൊലീസിനോടും ആക്രോശം. കൊടിമരം ജോസ് അപകടകാരിയെന്ന് പൊലീസും സാക്ഷ്യപ്പെടുത്തുന്നു.
ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് മംഗലാപുരത്ത് നിന്ന് ആരംഭിച്ചതാണ് ജോസിന്‍റെ കവര്‍ച്ചയും കൊള്ളയും അതിക്രമവും. കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ മാത്രം 22 കേസുകള്‍. കൊടിമരമെന്നത് ജോസിന്‍റെ ജന്മനാടാണ്. വടക്കന്‍ ജില്ലകളിലാണ് ജോസിനെതിരായ ഏറെ കേസുകളും.