ഭാര്യയെ കൊലപ്പെടുത്തി അപകടമരണമാക്കി ചിത്രീകരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തെക്കുകിഴക്കൻ ബെംഗളൂരുവിലെ ഹെബ്ബഗോഡി മേഖലയില്‍ താമസിക്കുന്ന രേഷ്മ എന്ന 32 കാരിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് പ്രശാന്ത് കമ്മാര്‍ (35) പൊലീസ് പിടിയിലായി. ഒക്ടോബര്‍ 15 നാണ് യുവതിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബെല്ലാരിയില്‍ നിന്നുള്ളയാളാണ് പ്രശാന്ത്. മുംബൈ സ്വദേശിയായ രേഷ്മ വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും ഒന്‍പത് മാസം മുന്‍പാണ് വിവാഹിതരായത്. രേഷ്മയുടെ കുട്ടിക്കൊപ്പം ബെംഗളൂരുവിലാണ് കുടുംബം താമസിക്കുന്നത്. കുളിമുറിയില്‍ അബോധാവസ്ഥയിലായിരുന്ന രേഷ്മയെ സ്കൂളില്‍ നിന്നെത്തിയ മകളാണ് ആദ്യം കാണുന്നത്.
കുട്ടിയാണ് രേഷ്മയുടെ സഹോദരിയെ ഫോണില്‍ വിളിച്ച് കാര്യം അറിയിച്ചത്. ഇരുവരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രേഷ്മ മരിച്ചിരുന്നു. ബെല്ലാരിയിലേക്ക് പോവുകയായിരുന്ന പ്രശാന്ത് വിവരമറിഞ്ഞ് ആശുപത്രിയിലെത്തുകയായിരുന്നു. കുളിക്കാനുള്ള ശ്രമത്തിനിടെ രേഷ്മയ്ക്ക് ഇലക്ട്രിക്ക് ഹീറ്ററില്‍ നിന്നും വൈദ്യുതാഘാതമേറ്റാകാം എന്നാണ് ഭര്‍ത്താവ് പ്രശാന്ത് പറഞ്ഞത്. ഇതില്‍ രേഷ്മയുടെ സഹോദരിക്കുണ്ടായ സംശയമാണ് പ്രശാന്തിനെ കുടുക്കിയത്.
മരുമകളുമായി സംസാരിച്ചപ്പോള്‍ വീട് തുറന്നിട്ട നിലയിലായിരുന്നുവെന്നും കുളിമുറി പുറത്ത് നിന്ന് അടച്ചിരിന്നു എന്നുമായിരുന്നു മറുപടി. ഇതോടെ സഹോദരിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പ്രശാന്തിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം ഹൊസൂരില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കൊലപാതകം നടത്തിയതാണെന്ന് പ്രതി സമ്മതിച്ചു. കൊലപാതകത്തിന് തലേന്ന് മറ്റൊരാളുമായി ഫോണില്‍ സംസാരിച്ചു എന്ന സംശയത്തില്‍ പ്രശാന്തും രേഷ്മയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കൊലയ്ക്ക് ശേഷം കുളിമുറിയിലേക്ക് മൃതദേഹം മാറ്റി വൈദ്യുതാഘാതമായി ചിത്രീകരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.