വിദ്യാര്‍ഥിനികള്‍ വസ്ത്രംമാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ എബിവിപി പ്രവര്‍ത്തകരായ കോളേജ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ഭാന്‍പുര ഗവ. കോളേജിലെ വിദ്യാര്‍ഥികളായ ഉമേഷ് ജോഷി, അജയ് ഗൗഡ്, ഹിമാന്‍ഷു ബൈരാഗി എന്നിവരാണ് പിടിയിലായത്. കേസില്‍ ഒരാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
ഭാന്‍പുര കോളേജില്‍ യുവജനോത്സവത്തിനിടെയാണ് പ്രതികള്‍ വിദ്യാര്‍ഥിനികള്‍ വസ്ത്രംമാറുന്ന ദൃശ്യങ്ങള്‍ ഒളിഞ്ഞിരുന്ന് പകര്‍ത്തിയത്. പെണ്‍കുട്ടികള്‍ വസ്ത്രംമാറുന്ന മുറിക്ക് പുറത്തുനിന്ന് മൊബൈലില്‍ ദൃശ്യം പകര്‍ത്തുന്ന പ്രതികളുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. നാലംഗസംഘത്തിലെ ഒരാളാണ് മറ്റൊരു വിദ്യാര്‍ഥിയുടെ സഹായത്തോടെ വാതിലിന്റെ മുകളിലെ വിടവിലൂടെ ദൃശ്യം പകര്‍ത്തിയിരുന്നത്. അറസ്റ്റിലായ മൂന്നുപ്രതികളില്‍നിന്നും മൊബൈല്‍ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
യുവജനോത്സവ പരിപാടികള്‍ക്കിടെ വിദ്യാര്‍ഥികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രീതി പാഞ്ചോളി നടത്തിയ പരിശോധനയിലാണ് നാലംഗസംഘം ഒളിക്യാമറയില്‍ ദൃശ്യം പകര്‍ത്തുന്നത് കണ്ടെത്തിയത്. വിദ്യാര്‍ഥികള്‍ പെണ്‍കുട്ടികളുടെ ചിത്രം പകര്‍ത്തിയെന്ന സംശയത്തില്‍ പ്രിന്‍സിപ്പല്‍ കോളേജിലെ സിസിടിവിദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. അറസ്റ്റിലായ ഉമേഷ് ജോഷി എബിവിപിയുടെ സിറ്റി യൂണിറ്റ് സെക്രട്ടറിയാണ്.