നാട്ടില്‍ മാന്യന്‍, പണിയെടുത്ത് ജീവിക്കുന്ന ചെറുപ്പക്കാരന്‍, പക്ഷെ എന്താ പണിയെന്ന് അറിഞ്ഞപ്പോള്‍ നാട്ടുകാര്‍ ശരിക്കും ഞെട്ടി. പൊറോട്ടക്കച്ചവടത്തിന്‍റെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയ 24-കാരനാണ് കഴിഞ്ഞ ദിവസം പിടിയിലായത്. കോഴിക്കോട് ഫ്രാൻസിസ് റോഡിനടുത്ത് പി.പി. ഹൗസിലെ കെ.ടി. അഫാമിന്‍റെ പക്കല്‍ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച 30 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.
വീട്ടിൽവെച്ച് പൊറോട്ടയുണ്ടാക്കി സമീപത്തുള്ള ഹോട്ടലുകളിൽ വിതരണംചെയ്യലാണ് ഇയാളുടെ ജോലി. പൊറോട്ടവാങ്ങിക്കാനെന്ന വ്യാജേന പല ആളുകളും വീട്ടിൽവന്ന് ലഹരിമരുന്ന് വാങ്ങിപ്പോകുന്നുണ്ട് എന്നുള്ള വിവരം പൊലീസിന് ലഭിച്ചതിനെത്തുടർന്ന് ഇയാളും ഇയാളുടെ വീടും പരിസരവും പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് സിറ്റി ഡാൻസാഫും ടൗൺ പോലീസും ചേർന്ന് വീട് റെയ്ഡ് ചെയ്തതിനെ തുടർന്നാണ് ഇയാൾ പിടിയിലായത്.
സിറ്റി നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.എ. ബോസിന്‍റെ നേതൃത്വത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ ജോസ് പെരിയാപുരത്തിന്‍റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.