Image Credit: @JaikyYadav16 / X

സമ്പന്നരായ യുവാക്കളെ തിരഞ്ഞ് പിടിച്ച് വിവാഹം കഴിച്ച ശേഷം സ്വര്‍ണവും പണവുമായി മുങ്ങിയ യുവതി പിടിയില്‍. കുടുംബസമേതം വിവാഹത്തട്ടിപ്പ് നടത്തിയ രാജസ്ഥാന്‍ സ്വദേശിയായ കാജലാണ് അറസ്റ്റിലായത്. ഒരു വര്‍ഷത്തോളമായി ഒളിവിലായിരുന്നു കാജല്‍. വിവാഹത്തട്ടിപ്പ് കേസില്‍ കാജലിന്‍റെ മാതാപിതാക്കളെയും സഹോദരനെയും സഹോദരിയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

തട്ടിപ്പിങ്ങനെ,  കാജലിന്റെ പിതാവ് ഭഗത് സിങ് സമ്പന്നരായ കുടുംബത്തെ കണ്ടെത്തി തന്റെ പെൺമക്കളായ കാജലിനും തമന്നയ്ക്കും വിവാഹം ആലോചിക്കും. ഇതാണ് തട്ടിപ്പിന്‍റെ തുടക്കം. 2024 മേയിൽ യുപി സ്വദേശിയായ താരാചന്ദ് ജാട്ട് എന്നയാളുടെ രണ്ട് ആൺമക്കളെ ഇയാൾ തന്റെ പെൺമക്കള്‍ക്കായി വിവാഹം ആലോചിച്ചു. പിന്നീട് ഇരുകൂട്ടര്‍ക്കും സമ്മതമായതോടെ വിവാഹ ആവശ്യങ്ങള്‍ക്കായി 11 ലക്ഷം രൂപ താരാചന്ദിൽ നിന്ന് വാങ്ങുകയും ചെയ്തു. മേയ് 21ന് കുടുംബാംഗങ്ങൾ എല്ലാം പങ്കെടുത്തുകൊണ്ട് ആഘോഷപൂര്‍വം വിവാഹവും നടന്നു. കാജലിന്റെയും തമന്നയുടെയും മാതാവ് സരോജ്, സഹോദരൻ സുരാജ് എന്നിവരും വിവാഹത്തിനു മുന്‍കൈയെടുത്ത് മുന്‍പില്‍ തന്നെ നിന്നു.

വിവാഹം കഴി‍ഞ്ഞ് വധുവിന്‍റെ കുടുംബം എന്തൊക്കെയോ കാര്യങ്ങള്‍ പറഞ്ഞ് രണ്ടുനാൾ വരന്റെ കുടുംബത്തോടൊപ്പം നിന്നു. എന്നാൽ മൂന്നാം നാൾ വധു ഉള്‍പ്പെടെ ഇവരെ കാണാതായി. വിവാഹത്തിന് നൽകിയ ആഭരണങ്ങളും വസ്ത്രങ്ങളും പണവുമെല്ലാം കാണാതായതോടെ ഇവര്‍ അതുമായി മുങ്ങിയതാണെന്ന് മനസിലായി. തുടര്‍ന്ന് വരന്‍റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആദ്യം ഭഗത് സിങിനെയും ഭാര്യയെയും അറസ്റ്റു ചെയ്തു. പിന്നീട് വധുമാരിലൊരാളായ തമന്നയെയും സഹോദരൻ സുരാജിനെയും അറസ്റ്റു ചെയ്തു. കാജലിനെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഒരു വർഷത്തോളം നീണ്ട അന്വേഷണത്തിലാണ് കാജലിനെ അറസ്റ്റു ചെയ്തത്. 

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ ഇത്തരത്തിലുള്ള തട്ടിപ്പുകൾ സ്ഥിരമായി നടത്തുന്നവരാണെന്നു തെളിഞ്ഞത്. തന്റെ പിതാവാണ് എല്ലാ തട്ടിപ്പും ആസൂത്രണം ചെയ്തതെന്നാണ് കാജൽ പൊലീസിനോടു പറഞ്ഞത്. കുടുംബത്തോടെ എല്ലാവരും പങ്കെടുക്കുന്നതിനാൽ വിവാഹം ആലോചിക്കുന്നവർക്ക് സംശയം തോന്നാറില്ല. സമ്പന്ന വ്യക്തികളെ കണ്ടെത്തിയാണ് മക്കൾക്ക് വിവാഹം ആലോചിക്കാറെന്നും തെളിഞ്ഞു. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും സഹായികളായി വേറെ ആളുകളുണ്ടോയെന്നും അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

ENGLISH SUMMARY:

A family-run marriage fraud gang operating in Rajasthan has been apprehended. The prime accused, Kajal, who had been absconding for about a year, was arrested by Rajasthan Police from Gurugram. Her parents, brother, and sister were arrested earlier. The father would propose marriage to wealthy families, collect large sums of money (like the ₹11 lakhs taken from one victim), and then the brides and their family would disappear a few days after the wedding, taking valuables. Police are investigating if more people were defrauded.