പാലക്കാട് കല്ലടിക്കോട് മരുതുംകാടിൽ യുവാക്കൾ വെടിയേറ്റ് മരിച്ചതില്‍ വിവരങ്ങള്‍ പുറത്ത്. നിധിന്‍റെ അമ്മയെ കുറിച്ച് ബിനു മോശമായി സംസാരിച്ചുവെന്നാണ് പുതിയ കണ്ടെത്തല്‍. കഴിഞ്ഞദിവസമാണ് ബിനുവിനെയും നിധിനെയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിനുവിനെയാണ് ആദ്യം കണ്ടെത്തിയത്. ആ സമയം ജീവനുണ്ടായിരുന്നു . ഒരുമണിക്കൂറിനു ശേഷമാണ് നിധിന്‍റെ മൃതദേഹം കണ്ടത്. നിധിനെ വെടിവച്ച ശേഷം ബിനു സ്വയം വെടിയുതിർത്തതാകാമെന്ന് ഇന്നലെ തന്നെ പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വെടിയൊച്ചയോ മറ്റു ശബ്ദങ്ങളോ കേട്ടിട്ടിരുന്നില്ലെന്നാണ് പ്രദേശത്തുണ്ടായിരുന്ന ടാപ്പിങ് തൊഴിലാളി പറഞ്ഞത്.
ഇപ്പോഴിതാ, ഇരുവരുടെയും മരണത്തിനു പിന്നില്‍ വ്യക്തി വൈരാഗ്യമാകാമെന്നാണ് പൊലീസ് വിലയിരുത്തല്‍. അയല്‍ക്കാരായ ഇരുവരും ദിവസങ്ങളായി വഴക്കിടാറുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികളുടെ മൊഴി. ഇന്നലെ ഉച്ചയോടെ ഉണ്ടായ തർക്കത്തിന്‍റെ തുടര്‍ച്ചയാണ് കൊലപാതകം. അനിയന്‍ കോളജിലേക്കും അമ്മ ജോലിക്കും പോയിരുന്നതിനാല്‍ വീട്ടില്‍ മറ്റാരുമില്ലായിരുന്നു. ബിനുവിന്‍റെ വീട് നിധിന്‍റെ വീട്ടില്‍ നിന്നും ഏകദേശം 50 മീറ്റര്‍ അകലെയാണ്. ആ വീട്ടില്‍ ബിനു ഒറ്റയ്ക്കായിരുന്നു താമസം. ഇയാള്‍ അവിവാഹിതനാണ്.
നിധിന്‍റെ മൃതദേഹം സ്വന്തം വീടിനകത്താണ് കണ്ടത്. കയ്യില്‍ കത്തിയുണ്ടായിരുന്നു. ടാപ്പിങ് തൊഴിലാളിയായ ബിനു മരിച്ചുകിടക്കുന്നത് വീടിന് പുറത്തായിരുന്നു. സമീപത്തുനിന്ന് നാടന്‍ തോക്കും കണ്ടെടുത്തിരുന്നു. ബിനു ഉപയോഗിച്ചത് ലൈസൻസ് ഇല്ലാത്ത തോക്കാണെന്നും ഇത് ഇയാള്‍ വേട്ടയ്ക്കായി ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. പൊലീസ് നടത്തിയ പരിശോധനയില്‍ ബിനുവിന്‍റെ പക്കൽ നിന്ന് 1 5 വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്.
നിധിന്‍റെ കുടുംബത്തെ കുറിച്ച് ബിനു മോശമായി സംസാരിച്ചതാണ് പ്രകോപനമായതെന്നാണ് വിവരം. ബിനു കഴിഞ്ഞ ദിവസം മോശമായി സംസാരിച്ചെന്ന് മകൻ പറഞ്ഞതായി നിധിന്‍റെ അമ്മ ഷൈലയും വെളിപ്പെടുത്തിയിരുന്നു. മോശമായി എന്താണ് പറഞ്ഞതെന്ന് മാത്രം നിധിന്‍ തന്നോട് പറഞ്ഞില്ല. നിധിന്‍ ഒരു ഇന്‍റര്‍വ്യൂവിന് പോകാനിരിക്കുകയായിരുന്നുവെന്നും വൈകിട്ടാണ് മകന്‍ കൊല്ലപ്പെട്ട വിവരം അറിഞ്ഞതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.
കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ബിനു തോക്കുമായി നിധിന്‍റെ വീട്ടിലേക്ക് പോയത്. വീട്ടില്‍ വച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. നിധിന്‍ കത്തിയെടുത്ത് കുത്താന്‍ വന്നതോടെ ബിനു കൈയില്‍ കരുതിയിരുന്ന തോക്കെടുത്ത് വെടിയുതിര്‍ത്തു. നിധിന്‍റെ നെഞ്ചിനോട് ചേർന്നാണ് വെടിയേറ്റത്. നിധിന്‍റെ മരണം ഉറപ്പിച്ച ബിനു സ്വയം നിറയൊഴിക്കുകയായിരുന്നു. യുവാക്കളുടെ പോസ്റ്റുമോര്‍ട്ടംട്ടം ഇന്ന് നടക്കും. തൃശൂര്‍ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം. മണ്ണാർക്കാട് ഡി.വൈ.എസ്.പി സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുവരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തും.