ആലപ്പുഴ പട്ടണക്കാട് ഓൺലൈൻ തട്ടിപ്പിലൂടെ യുവതിയുടെ പണം കവർന്ന കേസിലെ പ്രതിയെ മുംബൈയിലെ ധാരാവിയിൽ നിന്ന് അറസ്റ്റ് ചെയ്തു . 24 കാരനായ ആസാദ് ഖാൻ എന്നയാൾ ആണ് പട്ടണക്കാട് പൊലീസിൻ്റ പിടിയിലായത്. പ്രതിയെ ധാരാവിയിൽ നിന്ന് കേരളത്തിൽ എത്തിച്ചു.കേസില്‍  കേന്ദ്രരഹസ്യാന്വേഷണവിഭാഗവും  അന്വേഷണം തുടങ്ങി. 

പട്ടണക്കാട്  കടക്കരപ്പള്ളി സ്വദേശിയായ യുവതിയുടെ  ക്രെഡിറ്റ് കാർഡ് വിവരങ്ങൾ കൈക്കലാക്കിയ ആസാദ്ഖാൻ അത് ഉപയോഗിച്ച് ഒരു ലക്ഷത്തോളം രൂപയാണ്  തട്ടിയെടുത്തത്. പ്രധാനമന്ത്രി കിസാൻ സമ്മാന പദ്ധതിയുടേതെന്ന വ്യാജേന നൽകിയ ലിങ്ക് ക്ലിക്ക് ചെയ്തതോടെയാണ് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർന്നത്.

തട്ടിയെടുത്ത  പണം ഉപയോഗിച്ച് പ്രതി  ഇ കൊമേഴ്സ് സ്ഥാപനത്തിൽ നിന്ന് 5 മൊബൈൽ ഫോണുകൾ വാങ്ങി. ഈ ഫോണുകൾ മുംബൈ ധാരാവിയിലുള്ള  മൊബൈൽ ഷോപ്പിൽ വില്പനയ്ക്കായി നൽകി.  ആലപ്പുഴ സൈബർ പൊലീസിൻ്റെ സഹായത്തോടെ ഈ മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നവരുടെ  ലൊക്കേഷൻ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്  പ്രതിയായ ആസാദ് ഖാനെ കണ്ടെത്തിയത്.പ്രതിയെ കേരളത്തിൽ എത്തിച്ച് ചേർത്തല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ്  കോടതിയിൽ ഹാജരാക്കി.

ENGLISH SUMMARY:

Online fraud arrest is the focus of this article. A man was arrested in Mumbai for defrauding a woman in Alappuzha, Kerala, through an online scam involving credit card information.