മലപ്പുറം നിലമ്പൂർ നായാടംപൊയിലിൽ ഹോം സ്റ്റേയിൽ താമസിക്കാനെത്തിയ പത്തംഗ സംഘം വീടുകയറി ആക്രമിച്ചതായി പരാതി. സി.സി.ടി.വി. ദൃശ്യങ്ങൾ സഹിതം കുടുംബം പൊലീസിൽ പരാതി നൽകി.
തിങ്കളാഴ്ച വൈകിട്ടാണ് പ്രശ്നങ്ങൾ തുടങ്ങിയത്. വിനുവിന്റെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഹോം സ്റ്റേയിൽ ധാരാളം പേർ എത്താറുണ്ട്. തിങ്കളാഴ്ച ഇവിടെ എത്തിയ സംഘമാണ് വിനുവിന്റെ വീട്ടിലെത്തി അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. സംഘം ഹോം സ്റ്റേയിൽ ശബ്ദമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തതോടെ ഹോം സ്റ്റേ ഉടമയോട് വിനു പരാതി പറഞ്ഞു. ഇതിൽ പ്രകോപിതരായ പത്തോളം പേരാണ് വീട്ടിലെത്തി പ്രശ്നങ്ങളുണ്ടാക്കിയത്. താനും ഭാര്യയും നാല് പെൺമക്കളും അടങ്ങുന്നതാണ് കുടുംബം. സമീപത്തൊന്നും ആളില്ല.
അപ്പോൾത്തന്നെ നിലമ്പൂർ പൊലീസിനെയും ചൈൽഡ് ലൈൻ അധികൃതരെയും വിളിച്ചുപറഞ്ഞിരുന്നു. ഈ ഹോം സ്റ്റേയ്ക്ക് ലൈസൻസ് ഉണ്ടോ എന്ന് സംശയമുണ്ട്. ഈ കാര്യവും അന്വേഷിക്കണം. വാളംതോട്, നായാടംപൊയിൽ മേഖലയിൽ പഞ്ചായത്തിന്റെ ലൈസൻസില്ലാത്ത നിരവധി ഹോം സ്റ്റേകളും റിസോർട്ടുകളും പ്രവർത്തിക്കുന്നതായി നേരത്തെത്തന്നെ പരാതിയുണ്ട്.
നിലവിൽ എത്ര റിസോർട്ടുകളും ഹോം സ്റ്റേകളും പ്രവർത്തിക്കുന്നുണ്ടെന്ന് രേഖാമൂലം വ്യക്തമാക്കേണ്ടത് ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്വം കൂടിയാണ്. വാളംതോട്ടിൽ ഒരു പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. ടൂറിസം മേഖലയുടെ വികസനം അനിവാര്യമാണെങ്കിലും ജനങ്ങൾക്ക് സ്വന്തം വീടുകളിൽ താമസിക്കാനുള്ള അവകാശവും ഉറപ്പുവരുത്തേണ്ടതാണ്. വിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹോം സ്റ്റേ ഉടമയോട് താമസിച്ചവരുടെ ലിസ്റ്റുമായി നാളെ രാവിലെ 10 മണിക്ക് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിനു പറഞ്ഞു.