തൃശൂർ കാട്ടൂരിൽ കേരള ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്ത് തട്ടിപ്പ് നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തയ്യൂർ സ്വദേശി സജീഷാണ് അറസ്റ്റിലായത്. വടക്കാഞ്ചേരിയിലും ഇതേ തട്ടിപ്പ് നടത്തിയ കേസിൽ പിടിയിലായിരുന്നു.
കഴിഞ്ഞ മാസം സെപ്റ്റംബർ 27നാണ് കയ്യൂർ സ്വദേശി സജീഷ് തട്ടിപ്പ് നടത്തുന്നത്. 21 ന് നറുക്കെടുത്ത സമൃദ്ധിയുടെ മൂന്ന് ടിക്കറ്റുകൾ കടയുടമയായ പൊഞ്ഞനം സ്വദേശി തേജസിന് യുവാവ് നൽകി. കേരള സർക്കാർ ആപ്ലിക്കേഷൻ ഉപയോഗിച്ച് തേജസ് നടത്തിയ ക്യൂആർ കോഡ് പരിശോധനയിൽ മൂന്ന് ടിക്കറ്റിന് നാലാം സമ്മാനമായ 5000 രൂപ ലഭിച്ചു. കമ്മീഷൻ കുറച്ചുള്ള തുക തേജസ് യുവാവിന് നൽകി.
എന്നാൽ ടിക്കറ്റ് മാറാൻ കടയുടമ ഏജൻസിലെത്തിയപ്പോൾ ആണ് താൻ പറ്റിക്കപ്പെട്ടു എന്നറിയുന്നത്. മൂന്ന് ലോട്ടറിയും കളർ ഫോട്ടോസ്റ്റാറ്റ് ആയിരുന്നു. തുടർന്ന് കാട്ടൂർ പോലീസ് സ്റ്റേഷനിൽ തേജസ് പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ ആണ് തയ്യൂർ സ്വദേശി സജീഷ് പിടിയിലാകുന്നത്. വടക്കാഞ്ചേരിയിൽ ഇതേ തട്ടിപ്പ് നടത്തിയ കേസിൽ സജീഷ് അറസ്റ്റിലായിരുന്നു. പ്രതിയെ ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ സജീഷിനെ റിമാൻഡ് ചെയ്തു.